ചങ്ങനാശേരി: ഓണത്തിനിടയിൽ ജനങ്ങൾക്ക് ഇരുട്ടടി. സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് രോഗികൾക്ക് ചികിത്സാ നിരക്ക് ഏർപ്പെടുത്തിയ സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
സർക്കാർ ആശുപത്രികളിൽ എപിഎൽ (വെള്ള, നീല റേഷൻ കാർഡ്) വിഭാഗത്തിലുള്ളവരിൽനിന്നു ചികിത്സയ്ക്കു പണം ഈടാക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് സാധാരണ ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
പോസ്റ്റ് കോവിഡ് സർക്കാർ ആശുപത്രികളിലെ വാർഡിൽ 750 രൂപ, ഐസിയു വെന്റിലേറ്ററിൽ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണു തുക ഈടാക്കുക.
ഈ തുക പിൻവലിക്കണമെന്നും കോവിഡ രോഗികൾക്കെല്ലാം സൗജന്യ ചികിത്സ നൽകണമെന്നും ഓൾ ഇന്ത്യ മിഡിൽ ക്ലാസ് ഫാമിലി വെൽഫെയർ കൗണ്സിൽ അഖിലേന്ത്യ വർക്കിംഗ് പ്രസിഡന്റ് ബേബിച്ചൻ മുക്കാടൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലാണു പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ഒരുക്കിയിരിക്കുന്നത്.
കോവിഡനന്തര രോഗലക്ഷണങ്ങൾ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ അംഗമായവർക്ക് സർക്കാർ ആശുപത്രിയിൽ തുടർന്നും സൗജന്യചികിത്സ ലഭ്യമാകുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ, കിടക്ക, നഴ്സിംഗ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പടെ എൻഎബിഎച്ച് അക്രഡിറ്റേഷനുള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രിയിൽ ജനറൽ വാർഡിൽ 2645 ആയിരിക്കും നിരക്ക്.