കോഴിക്കോട്: ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യം നിലവിൽ വന്നതോടെ പോസ്റ്റൽ അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു. പോസ്റ്റൽ എടിഎം കാർഡ് ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ എടിഎം കൗണ്ടറിൽ നിന്നും എത്ര തവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കില്ലെന്നതാണ് ആകർഷിക്കുന്ന ഘടകം.
പോസ്റ്റൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിന് 50 രൂപ മാത്രം മുടക്കിയാൽ മതിയെന്നതും പ്രത്യേകതയാണ്. പോസ്റ്റൽ അക്കൗണ്ട് ആരംഭിക്കുന്നവർക്ക് റൂപേ കാർഡാണ് നൽകുന്നത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളിൽ മധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനമാണ് റൂപേ. മറ്റു ബാങ്കുകളിൽ റൂപേ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ 500 മുതൽ 1000 രൂപ വരെ അക്കൗണ്ടിൽ ബാലൻസ് വേണം.
എന്നാൽ പോസ്റ്റൽ അക്കൗണ്ടിൽ മിനിമം ബാലൻസ് 50 രൂപയായി നിലനിർത്താൻ സാധിക്കും. ഇതാണ് പോസ്റ്റൽ എടിഎം കാർഡുകളെ പ്രിയങ്കരമാക്കുന്നത്. മാത്രവുമല്ല ഒരു മാസത്തെ അഞ്ച് ഇടപാട് കഴിഞ്ഞാൽ അടുത്ത ഇടപാടിന് ബാങ്കുകൾ സർവീസ് ചാർജായി 20 രൂപ ഈടാക്കും. എന്നാൽ പോസ്റ്റൽ അക്കൗണ്ടിൽ ഇത്തരം ചാർജ് ഈടാക്കാത്തതും ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്.
നവംബർ ഒന്നിനാണ് ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറിൽ നിന്നും പോസ്റ്റൽ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാവുന്ന സംവിധാനം തപാൽ വകുപ്പ് ഏർപ്പെടുത്തിയത്. ജില്ലയിൽ മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പോസ്റ്റൽ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
2014 ഫെബ്രുവരിയിലാണ് ലോകത്തെ ഏറ്റവും വലിയ പോസ്റ്റൽ സംവിധാനമായ ഇന്ത്യ പോസ്റ്റിന്റെ എടിഎം കൗണ്ടറുകൾ ആരംഭിച്ചത്. 25000 പോസ്റ്റൽ എടിഎമ്മുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 85 കൗണ്ടറുകൾ കേരളത്തിലാണ് പ്രവർത്തിക്കുന്നത്.