കണ്ണൂർ: തപാൽ മേഖലയിലെ ജിഡിഎസ് ജീവനക്കാരുടെ സേവനവേതന പരിഷ്കരണവുമായി ബന്ധപ്പെട്ട കമലേഷ് ചന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശിപാർശകൾ ഉടൻ നടപ്പാക്കുക, നിർത്തിവച്ച ജിഡിഎസ് മെന്പർഷിപ്പ് വെരിഫിക്കേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) ആഭിമുഖ്യത്തിലുള്ള അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും.
കണ്ണൂർ ഡിവിഷനിലെ കണ്ണൂർ, തളിപ്പറന്പ് ഹെഡ് പോസ്റ്റോഫീസടക്കമുള്ള മുഴുവൻ തപാൽ ഓഫീസുകളുടെയും പ്രവർത്തനം സ്തംഭിക്കും. നാളെ മുതൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് ധർണ സംഘടിപ്പിക്കും.
ജിഡിഎസ് ജീവനക്കാരുടെ ദൈന്യതയും പ്രയാസവും തിരിച്ചറിഞ്ഞ് അവർക്ക് അർഹമായ ആനുകൂല്യം നൽകുന്നതു വരെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് എൻഎഫ്പിഇ ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ കൺവീനർ എ.പി. സുജികുമാർ, എ. ചന്ദ്രൻ, പി. മോഹനൻ, വി.പി. രമേശൻ, ഒ. സുധീഷ് എന്നിവർ പങ്കെടുത്തു.