വിവാഹങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് നിരവധി വീഡിയോ ഷൂട്ടുകളാണ് ചെറുപ്പക്കാര്‍ സംഘടിപ്പിക്കുക. പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ്, സേവ് ദ ഡേറ്റ് തുടങ്ങി പലതും. അതിലെല്ലാം വെറൈറ്റി കൊണ്ടുവരിക എന്നതും ശ്രമകരമായ കാര്യമാണ്. എങ്കിലും വ്യത്യസ്തമായ ആശയങ്ങള്‍ ഉപയോഗിച്ച് സംഗതി കളറാക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്.
സമാനമായ രീതിയില്‍ പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് നടത്തുന്നതിനിടയില്‍ നവദമ്പതികള്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി വൈറലായിരിക്കുന്നത്. റൊമാന്റിയ്ക്കായി ഷൂട്ട് ചെയ്ത് വന്ന സംഭവം ഹ്യൂമറിലേയ്ക്ക് വഴിമാറുന്ന സീനാണ് ഈ കൊച്ചു വീഡിയോയില്‍ കാണുന്നത്. സംഭവമിങ്ങനെ..
ചെറു വഞ്ചിയില്‍ ദമ്പതികള്‍. പുതുമണവാട്ടിയുടെ കയ്യില്‍ ആമ്പല്‍പൂക്കള്‍. പ്രിയതമന്റെ കൈയ്യില്‍ തുഴ. രണ്ടുപേരും മനോഹരമായി പോസ് ചെയ്യുന്നു. ബ്യൂട്ടിഫുള്‍ എന്ന് കാമറാമാന്റെ കമന്റ്. പോസ് തുടരുന്നതിടയില്‍ വള്ളത്തിനൊരിളക്കം. പേടിക്കേണ്ടെന്ന് കാമറാമാന്. വീണ്ടും വഞ്ചി ഇളകുന്നു, ദമ്പതികള്‍ തരക്കേടില്ലാതെ അലര്‍ച്ചയോടെ വെള്ളത്തിലേയ്ക്ക്. ശുഭം. ഏതായാലും തങ്ങളുടെ അതിമനോഹരമായ പോസ്റ്റ് വെഡ്ഡിംഗ് വീഡിയോ ലോകം മുഴുവന്‍ കണ്ടാസ്വദിക്കുന്നതിന്റെ ത്രില്ലിലാണ് ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും ഭാര്യ പ്രിയ റോസും. അങ്കമാലി സ്വദേശി ജിബിന്‍ ദേവായിരുന്നു കാമറാമാന്.