സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റൽബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച് നടപടി ഇന്നു ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നിർദേശിച്ചിരുന്നു.
മീണയുടെ ഇതു സംബന്ധിച്ച നിർദേശം ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. ഡിജിപി ഇന്നു രാവിലെ ഓഫീസിലെത്തിയ ശേഷം നടപടി സംബന്ധിച്ച തീരുമാനം എടുക്കും. ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ പത്മനാഭ സ്വാമി ക്ഷേത്ര ഡ്യൂട്ടിയിലുള്ള കമാന്ഡോ വൈശാഖിനെ സസ്പെന്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നത്.
വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 136 ഡിഎഫ്ജി എന്നി വകുപ്പുകൾ പ്രകാരം സർക്കാർ ജീവനക്കാരുടെ സർവീസ് ചട്ട പ്രകാരവും നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം. ഇതു കൂടാതെ പോലീസ് അസോസിയേഷന്റെ പങ്ക് സംബന്ധിച്ച് അന്വേഷണവും ഉണ്ടാകും.
പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ,രതീഷ്,രാജേഷ് കുമാർ,മണിക്കുട്ടൻ എന്നിവർക്കെതിരെ അന്വേഷണം നടത്താനുമാണ് നിർദേശം. വകുപ്പ് തല അന്വേഷണത്തിനു പുറമേ ക്രമക്കേട് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണവും ഉണ്ടാകും.
ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സംബന്ധിച്ച് ഡിജിപി മുതിർന്ന ഉദ്യോഗസ്ഥരുമായും അഡ്വക്കേറ്റ് ജനറലുമായും ആശയ വിനിമയം നടത്തുമെന്ന് അറിയുന്നു. മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സ്പെഷൽ ടീമിനെ നിയോഗിച്ചായിരിക്കും അന്വേഷണമെന്ന വിവരമാണ് ലഭിക്കുന്നത്. ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്ന ഉറപ്പാണ് ഡിജിപി നൽകുന്നത്.