കോഴിക്കോട്: ഇന്ത്യൻ പോസ്റ്റൽ പേമെന്റ് ബാങ്ക് കേരളത്തിലേക്കും വരുന്നു. രണ്ടു ഘട്ടങ്ങളിലായി 16 ബ്രാഞ്ചുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടപ്പള്ളി, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് വെസ്റ്റ്ഹിൽ, കണ്ണൂർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ സ്ഥാപിക്കും.
രണ്ടാം ഘട്ടത്തിൽ കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, മാഹി, മാനന്തവാടി, ഉപ്പള, കവരത്തി എന്നിവിടങ്ങളിലാണ് പോസ്റ്റൽ പേമെന്റ് ബ്രാഞ്ചുകൾ തുടങ്ങുക. മറ്റു പോസ്റ്റ് ഓഫീസുകളിലേക്കും പേമെന്റ് ബാങ്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതിനായുള്ള ആദ്യഘട്ട ടെൻഡർ നടപടികൾ പൂർത്തിയായി. അക്കൗണ്ട് തുടങ്ങാനായി നിശ്ചിത ബ്രാഞ്ചുകളിൽ പോകണം. എന്നാൽ, ഏത് പോസ്റ്റ് ഓഫീസിലും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും.
ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കും. എടിഎം, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ലഭിക്കും. പക്ഷേ, വായ്പയോ ക്രെഡിറ്റ് കാർഡോ ഇല്ല. സർവീസ് ചാർജ് കുറവായിരിക്കുമെന്നതും മിനിമം ബാലൻസ് വേണ്ട എന്നതുമാണ് പ്രധാന പ്രത്യേകതകൾ.
25,000 രൂപ വരെ നാലര ശതമാനം, 25,000 മുതൽ 50,000 രൂപ വരെ അഞ്ച് ശതമാനം, 50,000 മുതൽ 10,0000 രൂപ വരെ അഞ്ചര ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങൾക്കുള്ള പലിശ. പത്ത് വയസ് കഴിഞ്ഞവർക്ക് കെവൈസി രേഖകൾ നല്കി അക്കൗണ്ട് തുടങ്ങാം. ഒരു ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്ന റെഗുലർ സേവിംഗ്സ് അക്കൗണ്ട് “സഫൽ’, ബേസിക് സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് “സുഖം’, 50,000 രൂപവരെ നിക്ഷേപിക്കാവുന്ന ബേസിക് സേവിംഗ്സ് ഡെപ്പോസിറ്റ് സ്മോൾ അക്കൗണ്ട് “സരൾ’ എന്നിങ്ങനെ മൂന്നു തരം അക്കൗണ്ടുകളാണുള്ളത്.
ഡോർസ്റ്റെപ്പ് ബാങ്കിംഗ് ആണ് പോസ്റ്റൽ പേമെന്റ് ബാങ്കിന്റെ മറ്റൊരു പ്രത്യേകത. ഇതിനായി ബാങ്കിൽനിന്ന് ഉദ്യോഗസ്ഥൻ വീട്ടിലെത്തും.