പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തില് ഇരട്ടവോട്ടുകളും ഫെസിലിറ്റേഷന് കേന്ദ്രത്തില് എത്തി വോട്ടു ചെയ്തവര്ക്ക് വീണ്ടും തപാല് ബാലറ്റുകളും. പരാതികള് പരിഹരിക്കാന് നടപടികള് ഉണ്ടാകുന്നില്ലെങ്കില് നിയമനടപടിക്കൊരുങ്ങി യുഡിഎഫ്.
ഏപ്രില് 1, 2, 3 തീയതികളില് പത്തനംതിട്ട മാര്ത്തോമ്മ ഹൈസ്കൂളിലെ ഫെസിലിറ്റേഷന് കേന്ദ്രത്തില് വോട്ടു ചെയ്ത 23 ഉദ്യോഗസ്ഥര്ക്കാണ് വരണാധികാരിയുടെ ഓഫീസ് വീണ്ടും പോസ്റ്റല് ബാലറ്റ് അയച്ചതായി പരാതി ഉണ്ടായത്.ഇതിന്റെ തെളിവുകള്സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്ക്ക് പരാതി നല്കിയതായി യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റും ഡിസിസി ജനറല് സെക്രട്ടറിയുമായ വി.ആര്.
സോജി പത്രസമ്മേളനത്തില് അറിയിച്ചു. 23 പേര്ക്കും അടിയന്തരമായി വരണാധികാരി നോട്ടീസ് അയച്ച് ബാലറ്റ് പേപ്പറുകള് തിരികെ വാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാലറ്റ് തിരികെ നല്കാതെ വോട്ട് ചെയ്യുന്നവരുടെ പേരില് ജനപ്രാതിനിധ്യനിയമം 62 (4) പ്രകാരം കേസ് എടുക്കണം.
ആറന്മുള മണ്ഡലത്തില് മാത്രം 80 വയസിനു മുകളിലുളള 4629 പേര് വോട്ട് ചെയ്തിട്ടുണ്ട്. അംഗവൈകല്യമുളളവര് 419, കോവിഡ് പോസിറ്റീവ് 20, സര്വീസ് വോട്ടുകള് 726, തെരഞ്ഞെടുപ്പ് ഡ്യൂട്ടി 958, ഫെസിലിറ്റേഷന് സെന്ററില് വോട്ടുചെയ്ത വരുടെ എണ്ണം 598 എന്നിങ്ങനെയാണ്.
ഈ വോട്ടുകള് പ്രത്യേകം എണ്ണണമെന്നും വോട്ടെണ്ണല് കേന്ദ്രത്തില് മാര്ക്ക്ഡ് കോപ്പി ലഭ്യമാക്കണമെന്നും വി.ആര്.സോജി ആവശ്യപ്പെട്ടു. രണ്ടു പ്രാവശ്യം വോട്ടു ചെയ്യുന്നവരെ കണ്ടുപിടിക്കാതിരിക്കാന് വോട്ടുകള് കലര്ത്തി എണ്ണാന് കമ്മീഷന് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിനു പരാതി നല്കിയാല് പരിഹാരം ഉണ്ടാകുന്നില്ല. വോട്ടര്പട്ടികയുടെ കോപ്പി പോലും കൃത്യമായി ലഭ്യമാക്കിയിരുന്നില്ല. തപാല് വോട്ട് ചെയ്യുന്നവരുടെ പട്ടികയും കൃത്യമായി നല്കിയില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില് ഇത്തരം വോട്ടുകള് പ്രത്യേകം എണ്ണുമെന്ന് ആദ്യം ഉത്തരവിറക്കിയെങ്കിലും പിന്നീട് കൗണ്ടിംഗ് ദിവസം രാവിലെ കമ്മീഷന് പുതിയ ഉത്തരവ് ഇറക്കി. ക്രമക്കേടുകള് കണ്ടുപിടിക്കാതിരിക്കാന് വേണ്ടിയായിരുന്നു ഇത്.
ഈതെരഞ്ഞെടുപ്പിലും ഇത് ആവര്ത്തിച്ചാല് കളളവോട്ടുകള് കണ്ടുപിടിക്കാന് കഴിയില്ലെന്നും സോജി പറഞ്ഞു. കള്ളവോട്ടിലൂടെ ജയം ഉറപ്പിക്കാനുള്ള ശ്രമമാണ് എല്ഡിഎഫ് നടത്തിവന്നത്. ഇരട്ടവോട്ടുകള് സംബന്ധിച്ച രേഖകള് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടപ്പോള് കള്ളവോട്ട് ചെയ്യാന് പലരും മടിച്ചു. അതിനെ അതിജീവിക്കാനാണ് പ്രത്യേക പോസ്റ്റല് ബാലറ്റില് മേല് വിവരിച്ച ക്രമക്കേടുകള് ബോധപൂര്വം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
‘എന്താ സാറന്മാരേ, ഞങ്ങൾക്കു വോട്ടില്ലേ?’
പത്തനംതിട്ട: വോട്ടര്പട്ടികയില് ആബ്സന്റീസ് വിഭാഗത്തില് ഉള്പ്പെട്ടു പോയതിനാല് പോളിംഗ് ബൂത്തില് എത്തി വോട്ടു ചെയ്യാന് 912 പേര്ക്കു കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് ഇലക്ഷന് കോ ഓര്ഡിനേറ്റര് എ. സുരേഷ് കുമാര്. ജില്ലയില് ആബ്സന്റീസ് വോട്ടര്മാരില് 20677 പേരാണ് തപാല് വോട്ടിന് അര്ഹത നേടിയത്.
കോവിഡ് ബാധിതര്, ഭിന്നശേഷിക്കാര്, ക്വാറന്റൈനില് കഴിഞ്ഞവര്, കിടപ്പ് രോഗികള്, 80 വയസ് പിന്നിട്ടവര് എന്നിങ്ങനെയുള്ളവരായിരുന്നു. എന്നാല് ഇതില് പലര്ക്കും പോസ്റ്റല് വോട്ട് ചെയ്യാന് കഴിഞ്ഞില്ല.ജില്ലയിലെ കണക്ക് പ്രകാരം തന്നെ 19765 ആബ്സന്റീസ് വോട്ടര്മാര്ക്കാണ് പോസ്റ്റല് വോട്ട് ചെയ്യാന് കഴിഞ്ഞത്.
ആബ്സന്റീസ് വിഭാഗത്തിലെ കിടപ്പുരോഗികള് അടക്കം പലരും വോട്ട് ചെയ്തിട്ടില്ല. വോട്ടവകാശം നിഷേധിക്കപ്പെട്ടവരാണ് ഇവരില് പലരും. തങ്ങളുടെ പേരുകള് ആബ്സന്റീസ് വിഭാഗത്തിലാണെന്ന വിവരം പലരും അറിഞ്ഞിരുന്നില്ല.
പോളിംഗ് ബൂത്തില് നേരിട്ടെത്തിയപ്പോള് ഇവര്ക്കു വോട്ടവകാശം നിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. അര്ഹമായ വോട്ടുകള് നഷ്ടമാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേഷ് കുമാര് ആവശ്യപ്പെട്ടു.