വടകര: ഉദ്യോഗസ്ഥരുടെ തപാൽ വോട്ടുകൾക്കായി മന്ത്രി ടി.പി.രാമകൃഷ്ണൻ പലരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിചച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥതലത്തിൽ തുടക്കത്തിലേ ശ്രമം നടന്നതായി വടകരയിൽ ചേർന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനയോഗം കുറ്റപ്പെടുത്തി.
ബിഎൽഒ നിയമനം മുതൽ സർക്കാർ രാഷ്ട്രീയപരമായി ഇടപെട്ടു. കരട് വോട്ടർ പട്ടികയിൽ പെട്ടവരെ അകാരണമായി അന്തിമ പട്ടികയിൽ നിന്നും ഒഴിവാക്കി. വടകര പാർലമെന്റ് മണ്ഡലത്തിൽ തകരാറിലായ അറുപത്തി മൂന്നു ഇവിഎം മെഷീനുകളിൽ അറുപതും യൂഡിഎഫ് കേന്ദ്രങ്ങളിലാണ്. കള്ള വോട്ടു ചെയ്യാൻ പോളിങ്ങ് ഓഫീസർമാർ പലയിടത്തും കൂട്ടു നിന്നു.
പ്രതികൂല സാഹചര്യത്തിലും യൂഡിഎഫ് പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചതായും ജില്ലയിലെ അഞ്ചു നിയമസഭ നിയോജക മണ്ഡലത്തിലും മുക്കാൽ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം കെ. മുരളീധരന് ഉണ്ടാവുമെന്നും യോഗം വിലയിരുത്തി.
ഡിസി സി പ്രസിഡന്റ് അഡ്വ.ടി .സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ.കെ പ്രവീണ്‍ കുമാർ, യു.രാജീവൻ, വി.എം.ചന്ദ്രൻ, കെ.ടി.ജെയിംസ്, കാവിൽ രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ് എന്നിവർ പ്രസംഗിച്ചു .