ആലപ്പുഴ: പരമ്പരാഗത കയർ ഉല്പന്നങ്ങളുടെ കേന്ദ്രമായ ആലപ്പുഴയില്‍ 35 ശതമാനത്തോളം കയറും അനുബന്ധ വസ്തുക്കളും കൊണ്ടു നവീന സാങ്കേതികയില്‍ നിര്‍മിച്ച പേപ്പറില്‍ ഒരുക്കിയ തപാല്‍ സ്പെഷല്‍ കവറുമായി പോസ്റ്റല്‍ വകുപ്പ്.
150 രൂപയാണ് കൈകൊണ്ടു നിര്‍മിച്ച സ്പെഷല്‍ കവറിനന്റെ വിലയായി തപാല്‍ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കലവൂരിലെ സെന്‍ട്രല്‍ കൊയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (സിസിആര്‍ഐ) കവറിനാവശ്യമായ പേപ്പര്‍ നിര്‍മിച്ചു നല്‍കിയത്.
കയര്‍ മാറ്റുകള്‍ നിര്‍മിക്കുമ്പോഴുണ്ടാകുന്ന പൊടിവേസ്റ്റുകളും വേസ്റ്റ് പേപ്പറുകളും കോട്ടണ്‍ വേസ്റ്റുമടക്കം ഉപയോഗിച്ചാണ് കയറിലുപയോഗിക്കന്ന ഔറമിന് എന്ന ചായക്കൂട്ടും ചേര്‍ത്ത് പേപ്പര്‍ നിര്‍മിച്ചത്.
ഏകദേശം എ-3 സൈസിലുള്ള 180 ജിഎസ്എം കട്ടിയുള്ള പേപ്പര്‍ ആണ് നിര്‍മിച്ചത്. 350 ഷീറ്റോളം നല്കി. നൂറിനടുത്ത് കവറുകളാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്.
വിസ്മയമായ തപാല്‍ സ്പെഷല്‍ കവറിന്റെ പ്രകാശനം വേമ്പനാട് കായല്‍ ബ്രാഞ്ച് പോസ്റ്റോഫീസില്‍ പോസ്റ്റല്‍ സര്‍വീസസ് ബോര്‍ഡ് സെക്രട്ടറിയും ചെയര്‍മാനുമായ (ന്യൂഡല്‍ഹി ) പ്രദീപ്ത കുമാര്‍ ബിസോയ്, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ വി. രാജരാജനു നല്കി നിര്‍വഹിച്ചു.
പോസ്റ്റോഫീസിന്റെ എതിര്കരയില്നിന്നും നാടന്‍ വള്ളത്തില്‍ താലത്തില്‍ സ്പെഷല്‍ കവര്‍ പോസ്റ്റ്മാന് പ്രത്യേകമായി സജ്ജീകരിച്ച ഹൗസ്ബോട്ടില്‍ എത്തിക്കുകയായിരുന്നു. മധ്യമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മറിയമ്മ തോമസ്, മധ്യമേഖല പോസ്റ്റല്‍ സര്‍വിസസ് ഡയറക്ടര്‍ അര്‍ച്ചന ഗോപിനാഥ്, ആലപ്പുഴ തപാല്‍ സൂപ്രണ്ട് സ്മിത സാഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.