കൊച്ചി/കളമശേരി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിനു പിന്നാലെ കളമശേരിയിലും പോസ്റ്റര്‍ പ്രതിഷേധം.
സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്പെട്ടാണു കളമശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്.
കളമശേരി, ഏലൂര്‍ പാര്‍ട്ടി ഓഫീസുകള്‍ക്കു മുന്നിലും പാര്‍ട്ടി ഭരിക്കുന്ന ഏലൂര്‍ നഗരസഭയ്ക്കു സമീപത്തുമാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും, ചന്ദ്രന്‍പിള്ള കളമശേരിയുടെ സ്വപ്നം, വെട്ടിനിരത്തല്‍ എളുപ്പമാണു വോട്ട് പിടിക്കാനാണു പാട്, പി. രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങളാണു പോസ്റ്ററുകളിലുള്ളത്.
കളമശേരിയില്‍ പി. രാജീവിനെയാണു സ്ഥാനാര്‍ഥിയായി സിപിഎം പരിഗണിക്കുന്നത്. 2011 ല്‍ കളമശേരി മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ചന്ദ്രന്പിള്ളയായിരുന്നു സ്ഥാനാര്‍ഥി. 2016 ല്‍ എ.എം യൂസഫാണു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്.
ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചന്ദ്രന് പിള്ളയുടെ പേര് ഉയര്ന്നുവന്നിരുന്നതായാണു വിവരം.
എന്നാല്‍ പിന്നീട് പി. രാജീവ് ഉള്‍പ്പെടെയുള്ളവരുടെ പേര് മുന്നോട്ടുവരികയായിരുന്നു. ഇതാണു പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കുന്നത്തുനാട് മണ്ഡലത്തിലും ഇത്തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായ ആക്ഷേപത്തോടെയായിരുന്നു പോസ്റ്ററുകള്‍. സിപിഎം സെക്രട്ടറിയേറ്റാണോ സെക്രട്ടറിയാണോ സീറ്റ് കച്ചവടം നടത്തിയതെന്നും പോസ്റ്ററില്‍ ചോദിച്ചിരുന്നു.
സേവ് സിപിഎം ഫോറം എന്ന അടിക്കുറിപ്പോടെയാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കുന്നത്തുനാട് മണ്ഡലത്തിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.