ജെറി എം. തോമസ്
കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്.
ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു കുട്ടികളെ നൽകുക. ഇത്തരത്തിൽ കുട്ടികളെ പാർപ്പിക്കാൻ താത്പര്യമുള്ള കുടുംബങ്ങൾക്ക് ആറു മാസം മുതൽ രണ്ടു വർഷം വരെ കുട്ടികളെ താമസിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
ജന്മം നൽകിയ മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ മേലുള്ള അവകാശങ്ങളോ ചുമതലകളോ നഷ്ടപ്പെടുന്നില്ലെന്നതാണു പദ്ധതിയുടെ പ്രത്യേകത. തൃപ്തികരമായ രീതിയിൽ അഞ്ചുവർഷം ദാന്പത്യം പൂർത്തിയാക്കിയ ദന്പതികൾ, കുട്ടിയുമായി ബന്ധമുള്ളവർ, ഒന്നിലധികം കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ഏറ്റെടുക്കാൻ താത്പര്യമുള്ള സംഘടനകൾ തുടങ്ങിയവർക്കു ഫോസ്റ്റർ രക്ഷിതാവാകാം.
അമ്മയ്ക്ക് 30നും 60നും ഇടയിലും പിതാവിന് 65ന് താഴെയും പ്രായമുണ്ടായിരിക്കണം. സ്ഥാപനത്തിൽ കഴിയുന്ന കുട്ടികൾ, കുടുംബത്തിൽ വേണ്ടത്ര പരിചരണം ലഭിക്കാത്തവർ, മാതാപിതാക്കളുടെ അനാരോഗ്യം, മരണം, കുടുംബ പ്രതിസന്ധികൾ എന്നിവമൂലം വേണ്ടത്ര സംരക്ഷണം കിട്ടാത്തവർ, മാതാപിതാക്കളിലൊരാൾ കുടുംബം ഉപേക്ഷിച്ചു പോയവർ, മാനസികരോഗമുള്ള വ്യക്തിയുടെ കുട്ടികൾ എന്നിങ്ങനെയുള്ളയുള്ളവരെയാണു ഫോസ്റ്റർ കെയറിനു നൽകുന്നത്.
കുട്ടിയെ ഏറ്റെടുക്കാൻ ശിശു സംരക്ഷണ യൂണിറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി രേഖകൾ നൽകും. തുടർന്ന് കൗണ്സലിംഗ് അന്വേഷണം എന്നിവയും നടക്കും. പരസ്പരം പരിചയപ്പെടുത്തലും വൈദ്യപരിശോധനയും നിയമനടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും കുട്ടികളെ നൽകുക.