തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിൽപ്പെട്ട് പ്രതിരോധത്തിലായിരുന്നിട്ടും ഇടതു മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ വന്പൻ പ്രകടനം കാഴ്ച വെച്ചതും തലസ്ഥാന നഗരത്തിലടക്കം കോൺഗ്രസ് നേരിട്ട തിരിച്ചടിയും കോൺഗ്രസ് ക്യാന്പിൽ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനം വരുംദിവസങ്ങളിൽ നേതൃത്വത്തിനെതിരായ വികാരം ആളിക്കത്തിക്കും.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കെപിസിസി ആസ്ഥാനത്തിനു മുന്നിലും തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് നേതൃത്വത്തിനെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുകൾ പരാമർശിച്ചാണ് നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റുകൾ വിറ്റതാണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിനു കാരണമെന്നും നേതാക്കളെ പുറത്താക്കണമെന്നുമാണ് നോട്ടീസിന്റെ ഉള്ളടക്കം.
കെപിസിസി പിരിച്ചു വിടണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു. രാവിലെ പ്രത്യക്ഷപ്പെട്ട നോട്ടീസുകൾ പലതും മണിക്കൂറുകൾക്കുള്ളിൽ കീറിക്കളഞ്ഞിരിക്കുകയാണ്.
കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത് നേതാക്കളുടെ കഴിവില്ലായ്മ കാരണമാണെന്ന് കെ.സുധാകരൻ എംപിയും വിമർശനമുന്നയിച്ചിരുന്നു. കെപിസിസി തലത്തിലും ജില്ലാതലത്തിലും അഴിച്ചു പണി വേണം.
ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നേരിട്ടിടപെടണം. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്നും കെ.സുധാകരൻ പറയുന്നു.
നേതൃത്വത്തിനെതിരെ കെ.മുരളീധരനും വിമർശനമുന്നയിച്ചു. വീഴ്ചകൾ കോൺഗ്രസിന്റേതുമാത്രമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയം യുഡിഎഫിന് വൻ തിരിച്ചടിയായിട്ടുണ്ട്. 12 വാർഡുകളിൽ 500ൽ താഴെ വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.
തിരുവനന്തപുരത്തെ തകർച്ച പാർട്ടി അന്വേഷിക്കുമെന്നാണ് വിവരം. നേതാക്കൾക്കെതിരെ അന്വേഷണം നടക്കാനും സാധ്യതയുണ്ടെന്നറിയുന്നു. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും.
ഇന്ന് മൂന്നിന് ചേരുന്ന യോഗത്തിൽ നേതൃത്വത്തിനെതിരായ കടുത്ത വിമർശനങ്ങൾ ഉയരുമെന്നുറപ്പാണ്. പലയിടത്തും സ്ഥാനാർഥി നിർണയത്തിൽ വ്യക്തി താൽപ്പര്യങ്ങൾക്ക് വഴങ്ങി എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കുകളും അതിനെ തുടർന്നുണ്ടായ തമ്മിലടികളും രാഷ്ട്രീയകാര്യ സമിതി യോഗത്തെ കലുഷിതമാക്കും. അതേസമയം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് നടത്താനിരുന്ന കെപിസിസി രാജ്ഭവൻ മാർച്ച് മാറ്റിവച്ചു.