തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോസ്റ്റര്‍ ഒട്ടിച്ചും ചുവര് എഴുതിയും വികൃതമാക്കിയാല്‍ പിടിവീഴും. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും.
ബാനര്‍ കെട്ടിയും ഫെള്ക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യ പോസ്റ്ററുകള്‍ പതിപ്പിച്ചും പൊതു ഇടങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് നിയമം തയാറായി.
നിയമപരിഷ്കരണ കമ്മീഷന് തയാറാക്കിയ കരട് ബില്‍ (ദ കേരള പ്രിവന്‍ഷന്‍ ഓഫ് ഡിഫെയ്സ്മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ബില്‍- 2024) സര്‍ക്കാരിന് കൈമാറി. തദ്ദേശ ,നിയമവകുപ്പിന്റെ പരിശോധനകള്‍ക്കുശേഷം ബില്‍ പാസാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
പൊതുസ്ഥലങ്ങളും പുരാവസ്തു പ്രധാന്യമുള്ള സ്ഥലങ്ങളും വികൃതമാക്കുന്നത് തടയാന്‍ നിയമം വേണമെന്ന നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശിപാര്‍ശ കൂടി കണക്കില്ലെടുത്താണ് നിയമം കൊണ്ടുവരുന്നത്.
റോഡുകള്‍, നടപ്പാതകള്‍, ചരിത്രസ്മാരകങ്ങള്‍, കെട്ടിടങ്ങള്‍, മതിലുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍, സ്ഥലസൂചനാ ബോര്‍ഡുകള്‍ നെയിം ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം നിയമപരിധിയില്‍ പെടും.
വ്യക്തികള്‍ക്കു പകരം സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നതെങ്കില്‍ സ്ഥാപന പ്രതിനിധികള്‍ക്കെതിരേ കേസെടുക്കും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഭാരവാഹികള്‍ക്കെതിരേ കേസെടുക്കാനാകും.
വിനോദ സഞ്ചാരമോ വാണിജ്യപ്രാധാന്യമോ കണക്കിലെടുത്ത് പൊതുസ്ഥലത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ടാകും. തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ചുവരെഴുതുന്നതിനും പോസ്റ്റര്‍ ഒട്ടിക്കുന്നതിനും ഉടമസ്ഥന്റെ രേഖാമൂലമുള്ള സമ്മതം വേണം.
നിശ്ചിത ദിവസത്തിനുള്ളില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതും ചുവരെഴുത്ത് മായ്ക്കേണ്ടതും ഉത്തരവാദിത്തപ്പെട്ടവരുടെ കടമയാണ്