പഴയങ്ങാടി: പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയ എംപി ഉണ്ണികൃഷ്ണനെ വീണ്ടും കെപിസിസി മെമ്പറായി തെരഞ്ഞെടുത്തുവെന്നാരോപിച്ച് പഴയങ്ങാടിയിൽ വ്യപകമായി പോസ്റ്റർ. പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സൂചന.
കെപിസിസി നിർവാഹക സമിതിയിൽ കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപെട്ട ഏക അംഗമായ എം.പി. ഉണ്ണിക്കൃഷ്ണന് എതിരെ വെങ്ങര, പഴയങ്ങാടി എന്നീ പ്രദേശങ്ങളിലാണ് വ്യാപക പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
മാടായി മണ്ഡലം കോൺഗ്രസ് കമ്മറ്റി എം.പി. ഉണ്ണിക്കൃഷ്ണന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിന് താഴെയാണ് പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഫ്ലക്സും നശിപ്പിച്ചിട്ടുണ്ട്.
ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ നശിപ്പിച്ചവൻ കെപിസിസി ലിസ്റ്റിൽ ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ ഒറ്റികൊടുത്തവൻ കെപിസിസി ലിസ്റ്റിൽ എന്നിങ്ങനെയാണ് പോസ്റ്ററുകൾ.
പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബാങ്കിന് മുന്നിൽ ധർണ നടത്തിയിരുന്നു.
ഇത് ഏറെ വിവാദവുമായിരുന്നു. പഴയങ്ങാടി അർബൻ ബാങ്ക് പ്രസിഡന്റ് കൂടിയാണ് എം.പി. ഉണ്ണികൃഷ്ണൻ. കല്യാശേരി മണ്ഡലത്തിൽ യോഗ്യരായ നിരവധി പേർ ഉള്ളപ്പോൾ എഴുപത്തി ഏഴ് വയസ് കഴിഞ്ഞ ഇദ്ദേഹത്തെ വീണ്ടും കെപിസിസിയിലേക്ക് എടുത്തത് കെ.സി. വേണുഗോപാലിന്റെ നിർദേശ പ്രകാരമാണെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. വേണുഗോപാലിന്റെ സഹോദരി ഭർത്താവാണ് എം.പി ഉണ്ണികൃഷ്ണൻ.