തിവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ വീണ്ടും പോസ്റ്റർ. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു തുല്യമാണെന്നാണ് പോസ്റ്ററിലെ വാചകം.
അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. ഒറ്റുകാരും കള്ളന്മാരും കോൺഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പതിച്ചിട്ടുണ്ട്.
നേരത്തെ, രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പലയിടങ്ങളിലും നേതാക്കൾക്കെതിരെ പോസ്റ്റർ പതിപ്പിക്കുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. കൊച്ചി ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾ ശവപ്പെട്ടികളിലൊട്ടിച്ചും പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.