കണ്ണൂർ: യൂത്ത് കോൺഗ്രസും പോലീസും തമ്മിൽ കണ്ണൂരിൽ പോസ്റ്ററിന്റെ പേരിൽ യുദ്ധം. യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒൻപതിനു നടക്കുന്ന യുവജന പ്രതിരോധ സദസിന്റെ പ്രചാരണ ബോർഡ് കണ്ണൂർ താണയിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡ് എടുത്തുമാറ്റി പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പോലീസ് സ്ഥാപിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
പോലീസ് സ്ഥാപിച്ച പോസ്റ്റർ ഇന്നലെ രാത്രിയിൽ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാറ്റുകയും അവിടെ തങ്ങളുടെ പോസ്റ്റർ സ്ഥാപിക്കുകയും ചെയ്തു. കെ. മുരളീധരൻ എംപിയാണ് യൂത്ത് കോൺഗ്രസിന്റെ യുവജന പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുന്നത്. സംഘപരിവാറിനെതിരേയാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിരോധ സദസെന്നും പോലീസിലെ സംഘപരിവാറുകാരാണ് പോസ്റ്റർ മാറ്റിയതിനു പിന്നിലെന്നും യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു.
11 മുതൽ 13 വരെയാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം. എന്നാൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ പോസ്റ്ററുകൾ കെട്ടുവാൻ ഒരാൾക്ക് കരാർ നൽകിയതായും ഇയാളാണ് കെട്ടിയതെന്നുമാണ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പോസ്റ്റർ മാറ്റിയതായും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.