കോലഞ്ചേരി: തെരഞ്ഞെടുപ്പ് ചൂടേറും മുമ്പേ കുന്നത്തുനാട്ടിൽ പോസ്റ്റർ യുദ്ധം ആരംഭിച്ചു. സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായാണ് പോസ്റ്ററിലെ ആക്ഷേപം.
സിപിഎം സെക്രട്ടേറിയറ്റാണോ സെക്രട്ടറിയാണോ സീറ്റ് കച്ചവടം നടത്തിയതെന്നും പോസ്റ്ററിൽ ചോദിക്കുന്നു. സേവ് സിപിഎം ഫോറം എന്ന അടിക്കുറിപ്പോടെയാണ് മണ്ഡലത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കുന്നത്തുനാട്ടിൽ സിറ്റിംഗ് എംഎൽഎ വി.പി. സജീന്ദ്രൻ തന്നെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാണ് സാധ്യത.
കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവും കോൺഗ്രസിൽ നിന്നു പുറത്താക്കിയ പി.വി. ശ്രീനിജനെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
സിപിഎം സ്ഥാനാർഥിയായി കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ഷിജി ശിവജിയുടെ പേര് തുടക്കത്തിൽ ഉണ്ടായിരുന്നു.
രണ്ട് തവണ എംഎൽഎ ആയിരുന്ന വി.പി. സജീന്ദ്രൻ മണ്ഡഡലത്തിൽ ഇതിനോടകം പ്രാരംഭ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
ഇരു മുന്നണികളേയും ബിജെപിയെയും കൂടാതെ ട്വന്റി-20ക്കും മണ്ഡലത്തിൽ സ്ഥാനാർഥികളുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് പോസ്റ്റർ യുദ്ധം ആരിഭിച്ചിട്ടുള്ളത്.