കണ്ണൂർ: രജിസ്ട്രേഡ് കത്ത് മേൽവിലാസക്കാരന് നൽകാതെ പൊട്ടിച്ചു വായിച്ച് കത്തിലെ ഉള്ളടക്കം മറ്റൊരാൾക്ക് കൈമാറിയെന്ന പരാതിയിൽ പോസ്റ്റ്മാനും കൂട്ടു നിന്ന പോസ്റ്റൽ സൂപ്രണ്ടും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്.
പരാതിക്കാരനായ ആർട്ടിസ്റ്റ് ശശികല 30.6.2008 നു ചിറക്കൽ – പുതിയ തെരുവിലുള്ള കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടി എന്നയാൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ നിന്നും അയച്ച രജിസ്ട്രേഡ് കത്താണ് പൊളിച്ചു വായിച്ചത്.
മേൽവിലാസക്കാരനായ ഹംസക്കുട്ടി പരാതിക്കാരനിൽ നിന്നും അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം എഗ്രിമെന്റ് പ്രകാരം പണി പൂർത്തിയാക്കി നൽകേണ്ട വീടും സ്ഥലവും രജിസ്റ്റർ തീയതിക്ക് മുന്പേ പൂർത്തിയാക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്.
കത്ത് കൈപ്പറ്റാതെ തന്നെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി നിയമനടപടികൾ ഭയന്ന് വീടും സ്ഥലവും മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ ഇത് കാരണമായെന്നുള്ള പരാതിയാണ് കണ്ണൂർ ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ എം.വേണുഗോപാലിനെതിരെ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് കെ.ജി.ബാലകൃഷ്ണൻ, ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ തിരുവനന്തപുരം, സെക്രട്ടറി യൂണിയൻ ഓഫ് ഇന്ത്യ ന്യൂ ഡൽഹി എന്നിവരെ പ്രതിചേർത്ത് കണ്ണൂർ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനിൽ നൽകിയത്.
വകുപ്പുതല അന്വേഷണത്തിൽ പോസ്റ്റുമാൻ കുറ്റം ചെയ്തതായി കണ്ടെത്തി.കുറ്റാരോപിതനായ പോസ്റ്റുമാനെ സ്ഥലം മാറ്റുകയും ഇൻക്രിമെന്റ് കട്ട് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ മൂന്നു മാസത്തിനുശേഷം ഇദ്ദേഹത്തെ അതെ പോസ്റ്റ് ഓഫീസിലേക്ക് വീണ്ടും മാറ്റി നിയമിച്ചു. ഇതിനെതിരെ പരാതിക്കാരൻ കണ്ണൂർ ഉപഭോകൃത് കമ്മിഷനിൽ പരാതി സമർപ്പിച്ചു.
എന്നാൽ സാങ്കേതിക തടസങ്ങൾ രേഖപ്പെടുത്തി കണ്ണൂർ ഉപഭോക്തൃ കമ്മീഷൻ കേസ് തള്ളുകയും ഇതിനെതിരെ പരാതിക്കാരൻ സംസ്ഥാന കമ്മീഷനിൽ സമർപ്പിച്ച അപ്പീൽ ഹർജിയിലൂടെയാണ് അനുകൂലമായ വിധിയുണ്ടായത്.
13 വർഷത്തെ നിയമപോരാട്ടത്തിലൊടുവിലാണ് വിധി. പ്രസിഡന്റ് രവി സുഷ, മെമ്പർമാരായ മോളിക്കുട്ടി മാത്യു, സജീഷ് കെ. പി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പോസ്റ്റുമാൻ, പോസ്റ്റൽ സൂപ്രണ്ട് എന്നിവർ ചേർന്ന് 50,000 രൂപ വീതം 1,00,000 രൂപ പരാതിക്കാരന് നൽകണമെന്നതാണ് വിധി.