പൊന്‍കുന്നം: നോട്ടിനായി നെട്ടോട്ടമോടുന്ന ജനത്തെ വലച്ച് പോസ്റ്റ് ഓഫീസിനുള്ളില്‍ ‘പാമ്പായി’ പോസ്റ്റ് മാസ്റ്റര്‍. മദ്യപിച്ച് ഉദ്യോഗസ്ഥന് പണിമുടക്കിയതോടെ ജനം കാത്തുനിന്നു വലഞ്ഞത് മൂന്ന് മണിക്കൂര്‍. 12 മുതല്‍ മൂന്ന് മണി വരെ പണവിനിമയം തടസപ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി. പൊന്‍കുന്നം പോസ്റ്റ് ഓഫീസില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
നോട്ടിനായി കാത്തു നില്‍ക്കുന്നവര്‍ക്ക് പണം ലഭിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരമാരാഞ്ഞപ്പോള്‍ തട്ടിക്കയറിയതായും ആരോപണമുണ്ട്. പണം നല്‍കാതെ സീറ്റില്‍ ഇരുന്നുറങ്ങുന്നുവെന്ന് ആരോപിച്ച് വരിയില്‍ നിന്നവര്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പണമില്ലെന്ന് പറഞ്ഞ് ജീവനക്കാരില്‍ ചിലര്‍ പക്ഷം ചേര്‍ന്നതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തതായും സംഭവം സംബന്ധിച്ച് ചങ്ങനാശേരി പോസ്റ്റല്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് അയച്ചതായും പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ടി. സുബ്രഹ്മണ്യം അറിയിച്ചു. ഉദ്യോഗസ്ഥനെതിരേ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്നു പണം കൃത്യമായി ലഭിക്കാഞ്ഞതിനാലാണ് ഇടപാടുകള്‍ തടസപ്പെട്ടതെന്ന് പോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.