സ്വന്തം ലേഖകൻ
മുളംകുന്നത്തുകാവ്: മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം നടക്കുന്ന സമയത്ത് മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് നിന്ന് പോലീസുകാരെ ഇറക്കിവിട്ടെന്ന വിവാദം കൊഴുക്കുന്നു. വളരെ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട പോസ്റ്റുമോർട്ടത്തിന്റെ വിശദാംശങ്ങൾ പോലീസുകാർ ചോദിച്ചറിയാൻ ശ്രമിച്ചതിനെ തുടർന്നാണ് മോർച്ചറി പരിസരത്തു നിന്ന് പോലീസുകാരെ മാറ്റിയതെന്നാണ് ഡോക്ടർമാരുടെ മറുപടിയെന്നറിയുന്നു.
സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കുന്പോൾ ഡോക്ടർമാർ ഇക്കാര്യമാണ് ഉന്നയിക്കുക. പോസ്റ്റുമോർട്ടം നടക്കുന്നതിനിടെ ഫോറൻസിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത്. മൂന്നു ഡിവൈഎസ്പിമാരും ഏതാനും പോലീസുകാരും പോസ്റ്റുമോർട്ടം നടക്കുന്ന മുറിക്ക് പുറത്ത് കാത്തുനിൽക്കുകയും പുറത്തുവരുന്ന അസിസ്റ്റൻഡ് ഡോക്ടർമാരോട് എന്താണ് സ്ഥിതിയെന്നും എത്ര ബുള്ളറ്റുകൾ കിട്ടിയെന്നും മറ്റും ഇവർ തിരക്കിയിരുന്നതായും സൂചനയുണ്ട്.
ഈ വിവരങ്ങൾ പോസ്റ്റുമോർട്ടം നടന്നുകൊണ്ടിരിക്കേ തന്നെ ചാനലുകളിൽ വാർത്തയായി വന്നതോടെ പോസറ്റുമോർട്ടത്തിന്റെ രഹസ്യസ്വഭാവം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയായി.പോലീസിന് കിട്ടും മുൻപേ പോസ്റ്റുമോർട്ടം റിപ്പോർട്ടും വിശദവിവരങ്ങളും മാധ്യമങ്ങൾക്ക് കിട്ടിയത് ഉന്നത തലങ്ങളിൽ ചർച്ചയായി.
മൊബൈൽ ഫോണ് വരെ സ്വിച്ച് ഓഫ് ചെയ്ത് പന്ത്രണ്ട് മണിക്കൂറോളം പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് വിഭാഗത്തിലുള്ളവർ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വാർത്ത ചോർത്തിയെന്ന ആരോപണവും നേരിട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകാനാണ് എന്നും പറഞ്ഞ് പോലീസുകാരാണ് വിവരങ്ങൾ ചോർത്തിയതെന്ന് മനസിലാക്കിയതോടെ പോസ്റ്റുമോർട്ടം ചെയ്തു കൊണ്ടിരുന്ന ഡോക്ടർമാർ പോലീസുകാരോട് പുറത്തുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടത്തി കൊണ്ടുവന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തുന്പോൾ പോലീസിന്റെ ഇടപെടൽ വേണ്ടെന്നും പോസ്റ്റുമോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തുന്നുണ്ടെന്നും അതുകൊണ്ടാണ് പുറത്തുപോകാൻ പറഞ്ഞതെന്നും ഡോക്ടർമാർ ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിൽ മൊഴി നൽകുമെന്നറിയുന്നു.