വടക്കഞ്ചേരി: ആയക്കാട് പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിനു ഭീഷണിയായി വൻതേക്കുമരങ്ങൾ. 150 ഇഞ്ചുവരെ വണ്ണമുള്ള വലിയ തേക്കുമരങ്ങളാണ് കാറ്റടിക്കുന്പോൾ കെട്ടിടത്തിന്റെ ചുമരിൽതട്ടി കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കു കേടുപാടുണ്ടാക്കുന്നത്.ഹോസ്റ്റൽ കെട്ടിടത്തിനു ചുറ്റുമുണ്ട് ഇത്തരം വലിയ തേക്കുമരങ്ങൾ.
ഉണങ്ങിയ കൊന്പുകൾ കെട്ടിടത്തിൽ പൊട്ടിവീണു ഷീറ്റും പൊളിയുന്നതു പതിവാണ്. കെട്ടിടത്തിനു ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നു പറയുന്നു. ഹോസ്റ്റൽ കെട്ടിടം പണിയുന്പോൾ മുറിച്ചിട്ട മരത്തടികൾ പതിനൊന്നു വർഷമായിട്ടുംസ്ഥലത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ കുറെഭാഗങ്ങൾ ചിതൽപിടിച്ച് നശിച്ചു.
പ്രായാധിക്യവും വളർച്ചമുരടിച്ചതുമായ തേക്കുമരങ്ങൾ മുറിച്ചുമാറ്റി കെട്ടിടത്തിനു ഭീഷണിയാകാത്ത മറ്റു വൃക്ഷതൈകൾ വച്ചുപിടിപ്പിക്കണമെന്നാണ് ആവശ്യം. വേനൽമാസങ്ങളിൽ തേക്കിൽ പ്രത്യേക പുഴുക്കൾ നിറയുന്നത് ഹോസ്റ്റലിലെ കുട്ടികൾക്കു ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നു.പുഴുക്കൾ അടുക്കളയിലും ഭക്ഷണസാധനങ്ങളിലും നിറയുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.