ആലപ്പുഴ: പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതാണ്. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്ടർ ജോൺ .വി. സാമൂവൽ ഉത്തരവിട്ടത്.
പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്കിടെ ഇന്നലെ വൈകിട്ടാണ് ആലപ്പുഴ പഴയവീട് സ്വദേശിനി 31 കാരിയായ ആശാ ശരത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിച്ചത്. വനിതാ-ശിശു ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്കിടെ ശാരീരികാസ്വസ്ഥത ഉണ്ടായതും പിന്നീട് ഗുരുതരാവസ്ഥയിലായതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ആലപ്പുഴ മെഡിക്കൽ കോളജിൽ നടക്കുന്ന പോസ്റ്റ്മോര്‍ട്ടം നടപടിയിൽ വിദഗ്ധ സംഘത്തെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇവരുടെ ആവശ്യം പരിഗണിച്ച് ഒരു ഫോറൻസിക് സർജൻ, രണ്ട് പോലീസ് സർജൻമാർ എന്നുവരുൾപ്പെടെയുള്ള വിദഗ്ധ സംഘത്തെ പോസ്റ്റ്മോര്‍ട്ടത്തിന് നിയോഗിക്കാൻ കളക്ടർ ഉത്തരവ് നൽകി.