നീണ്ടകര: ഒരു മാസത്തിന് മുമ്പ് മരണമടഞ്ഞ വൃദ്ധയുടെ മൃതദേഹം മകളുടെ പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് പരിശോധന നടത്തി.നീണ്ടകര പളളിയുടെ പടിഞ്ഞാറ്റതില്‍ എലിസബത്തിന്റെ (87) മൃതദേഹമാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന മകളുടെ പരാതിയെ തുടര്‍ന്ന് നീണ്ടകര പളളിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചത്.
പോലീസ് പറയുന്നത്: നീണ്ടകരയിലെ കുടുംബ വീട്ടില്‍ മരുമകളോടൊപ്പം താമസിച്ച് വരുന്നതിനിടയില്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇക്കഴിഞ്ഞ ജൂലൈ 13- ന് മരണമടയുകയും ചെയ്തു.
തുടര്‍ന്ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു. ഇതിനിടയില്‍ രാമന്‍കുളങ്ങരയില്‍ താമസിക്കുന്ന മകള്‍ ചവറ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് മൃതദേഹം പുറത്തെടുത്ത് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയത്.
ഇതിനുശേഷം മൃതദേഹം തിരിച്ച് സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു. ചവറ സിഐ നിസാമുദീന്‍, എസ്ഐ. ഷഫീഖ്, തഹസിൽദാർ ഷൈന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രഭ, തമ്പി എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി.