ഒരു രൂപപോലും സർവീസ് ചാർജ് ഇല്ലാത്ത സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം. എത്ര നല്ല നടക്കാത്ത സ്വപ്നമെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇന്ത്യൻ പോസ്റ്റൽ സർവീസ് അവതരിപ്പിച്ചിരിക്കുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഇതു മാത്രമല്ല, ഇതിനുമപ്പുറമുളള സേവനവും സൗജന്യമാണ്.
മറ്റ് ബാങ്കുകൾ 1,000, 5,000 രൂപ മിനിമം ബാലൻസ് ആവശ്യപ്പെടുന്പോഴാണ് വെറും 50 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ട് തുറക്കാൻ കഴിയുന്നത്. അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം എടിഎം കാർഡിനുള്ള പ്രത്യേക അപേക്ഷ ഫോറവും പോസ്റ്റ് ഓഫീസ് വഴി ലഭിക്കും. വീസ റുപ്പേ ഡെബിറ്റ് കാർഡാണ് പോസ്റ്റ് ഓഫീസിൽ നിന്നു ലഭിക്കുന്നത്. ഈ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈൻ ഇടപാടുകളും നടത്താൻ സാധിക്കും. പോസ്റ്റ് ഓഫീസ് എടിഎമ്മുകൾക്ക് പുറമെ ഏതു എടിഎമ്മിലും ഈ കാർഡ് സൗജന്യമായി ഉപയോഗിക്കാം.
ഇനി ചെക്ക് ബുക്ക് വേണമെങ്കിൽ ഇതിനായി 500 രൂപയെങ്കിലും അക്കൗണ്ടിൽ നിലനിർത്തണം. ചെക്ക് ബുക്ക് വേണ്ടെങ്കിൽ 50 രൂപ മതി. അക്കൗണ്ട് സജീവമായി നിലനിർത്താൻ മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് (പണം ഇടുകയോ പിൻവലിക്കുകയോ) നടത്തണം.
ഇനി ഒട്ടും വൈകേണ്ടാ, അക്കൗണ്ട് തുടങ്ങാൻ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഫോട്ടോയും ആധാർ രേഖയുമായി ചെന്നാൽ മതി. വലിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് പാൻകാർഡ് കൂടി വേണം. ജോയിന്‍റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങൾക്ക് നാലു ശതമാനം പലിശയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാന്പത്തിക വർഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്സ് ഫ്രീയും ലഭിക്കും.
ബാങ്ക് അക്കൗണ്ട് പോലെ പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും സാധിക്കും. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.
രാജ്യത്തെ ഭൂരിഭാഗം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റൽ വകുപ്പിന്‍റെ എടിഎം പ്രവർത്തിച്ചു തുടങ്ങി. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇതിന്‍റെ സേവനം ഇപ്പോൾ ലഭിക്കുന്നുണ്ട്. മാർച്ച് അവസാനത്തോടെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റൽ വകുപ്പിന്‍റെ എടിഎം മെഷീൻ സ്ഥാപിച്ചു കഴിയും.