കണ്ണൂർ: തപാൽ വകുപ്പിലെ ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ മിതവും ന്യായവുമായ ആവശ്യങ്ങൾ അംഗീകരിച്ചു അവർ രാജ്യവ്യാപകമായ് നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാൻ കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി.കെ. ശ്രീമതി എംപി.
കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്പിലെ സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. ജീവനക്കാർ സമരം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും നിഷേധാത്മക സമീപനമാണ് തുടരുന്നതെങ്കിൽ പാർലമെന്റിന് പുറത്ത് കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിച്ച പ്രക്ഷോഭം വേണ്ടിവരുമെന്നും ശ്രീമതി മുന്നറിയിപ്പ് നൽകി. കെ.കെ. രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ടി.വി. രാജേഷ് എംഎൽഎ, വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.
പണിമുടക്കിയ ജീവനക്കാർ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ ധർണയിൽ എ.പി. സുജികുമാർ അധ്യക്ഷത വഹിച്ചു.കെ.വി. സുധീർകുമാർ, ദിനു മൊട്ടമ്മൽ, അനു കവിണിശേരി, എം.വി. കണ്ണൻ, എം. ദാമോദരൻ, ബേബി ആന്റണി, കെ.പി. സംഗീത്, വിജേഷ് ഉണ്ണി, കെ. ജയരാജൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ബി.പി. രമേശൻ, ഇ. മനോജ്കുമാർ, പി. മോഹനൻ, പി. പ്രേമദാസ് എന്നിവർ നേതൃത്വം നൽകി.
സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച ഇന്ന് വൈകുന്നേരം 4.30ന് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തളിപ്പറന്പിലും പയ്യന്നൂരിലും പോസ്റ്റ്ഓഫീസുകൾ കേന്ദ്രീകരിച്ച് നഗരത്തിൽ ബഹുജന പ്രകടനം നടക്കും. വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. നാളെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ രാവിലെ പത്ത് മുതൽ കൂട്ട ഉപവാസം നടക്കും.