കൊല്ലം: തപാൽ വകുപ്പിന്റെ (ഇന്ത്യാ പോസ്റ്റ്) പേരിൽ വ്യാജസന്ദേശം നൽകി രാജ്യത്താകമാനം സൈബർ തട്ടിപ്പ് വ്യാപകം. തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. നിങ്ങളുടെ പേരിൽ വന്ന പാഴ്സൽ ലഭിക്കാൻ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം എത്തും. സമൂഹമാധ്യമങ്ങൾ, എസ്എംഎസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.
“നിങ്ങളുടെ പാഴ്സൽ തപാൽ വകുപ്പിന്റെ വെയർഹൗസിൽ എത്തിയിട്ടുണ്ട്. അത് നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ മേൽവിലാസം തെറ്റായതിനാൽ പാഴ്സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടിവരും എന്നതാണ് തട്ടിപ്പുകാർ അയക്കുന്ന സന്ദേശത്തിലെ ഉള്ളടക്കം.
വിലാസം അപ്ഡേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്റെ പേരിലുള്ള സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്.ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്റേതിനു സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജ് ദൃശ്യമാകുന്നു. തുടർന്നാണ് തട്ടിപ്പിന്റെ തുടക്കം നടക്കുന്നത്.
പാഴ്സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാൻ നിങ്ങളോട് തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൗണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നു.
തപാൽ വകുപ്പ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയയ്ക്കാറില്ല. ഇത്തരം വ്യാജ ലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഗൂഗിൾ പേ അക്കൗണ്ട് ഉള്ള യുവതീ യുവാക്കൾക്ക് ഓൺ ലൈനിൽ ജോലി വാഗ്ദാനം ചെയ്യുന്ന മറ്റൊരു തട്ടിപ്പും സമീപകാലത്ത് കേരളത്തിൽ അടക്കം വ്യാപകമായിട്ടുണ്ട്. സ്വന്തമായി ഗൂഗിൾ പേ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പിന്റെ രീതി. തങ്ങളുടെ അക്കൗണ്ടുകളിലേയ്ക്ക് തട്ടിപ്പ് സംഘം പണം അയക്കും. ഇത് ഒരു ലക്ഷം കവിയുമ്പോൾ വാഗ്ദാനം ചെയ്ത കമ്മീഷൻ എടുത്തിട്ട് ബാക്കി തുക തട്ടിപ്പുകാർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുക്കണം.
വാടകയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാർ അയച്ചു കൊടുക്കുന്ന പണത്തിന്റെ ശ്രോതസ് പോലും അറിയാൻ കഴിയില്ല.രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് അടക്കം വരുന്ന ഹവാല പണമാണ് ഇത്തരത്തിൽ വിനിമയം ചെയ്യുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിലെ തട്ടിപ്പിലും ആരും വീഴരുതെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.