നെടുങ്കണ്ടം: സ്വന്തമായി സ്ഥലമുണ്ടായിട്ടും ലക്ഷങ്ങൾ വാടക നൽകി പ്രവർത്തിക്കുകയാണ് ജില്ലയിലെ പോസ്റ്റ് ഓഫീസുകൾ. നെടുങ്കണ്ടം, തൊടുപുഴ, കരിമണ്ണൂർ, ഏലപ്പാറ ഫെയർഫീൽഡ് എന്നിവിടങ്ങളിലാണ് തപാൽ വകുപ്പിന് സ്വന്തമായി സ്ഥലമുള്ളത്.
തൊടുപുഴയിലെ ഇടുക്കി ഡിവിഷണൽ ഓഫീസ്, ഹെഡ് പോസ്റ്റോഫീസ്, സോർട്ടിംഗ് ഓഫീസ്, സ്പീഡ് പോസ്റ്റ് കൗണ്ടർ തുടങ്ങിയവ 75,000 ത്തോളം രൂപ മാസവാടക നൽകിയാണ് പ്രവർത്തിക്കുന്നത്.
നെടുങ്കണ്ടം തപാൽ ഓഫീസും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നെടുങ്കണ്ടം ടൗണിലെ പോസ്റ്റോഫീസ് 15,000-ത്തോളം രൂപ മാസവാടകയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നു. നെടുങ്കണ്ടം ടൗണിൽ കോടതിക്കുസമീപം 83 സെന്റ് സ്ഥലവും തൊടുപുഴയിൽ 1.20 ഏക്കറും കരിമണ്ണൂരിൽ 50 സെന്റ് സ്ഥലവും തപാൽ വകുപ്പിന് സ്വന്തമായുണ്ട്. ഏലപ്പാറയിലെ ഫെയർ ഫീൽഡ് പോസ്റ്റോഫീസ് ബ്രാഞ്ച് ഓഫീസ് മാത്രമായതിനാൽ ഇവിടെ കെട്ടിടം പണിയുവാൻ തപാൽ വകുപ്പിന് താല്പര്യമില്ല.
ഈ സ്ഥലങ്ങളിൽ തപാൽ വകുപ്പിന് സ്വന്തമായി കെട്ടിടം പണിതാൽ പോസ്റ്റോഫീസ്, ജീവനക്കാരുടെ താമസം, എടിഎം കൗണ്ടർ, തപാൽ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ എല്ലാം ഒരു ഒറ്റകെട്ടിടത്തിൽ ഒരുക്കുവാൻ സാധിക്കും. 20 വർഷംമുന്പ് വാങ്ങിയിട്ടിരിക്കുന്ന സ്ഥലങ്ങളാണ് ഇവയിൽ പലതും. കാടുകയറി യാതൊരു ഉപയോഗവുമില്ലാതെ കിടക്കുകയാണ് ഇവയിൽ പല സ്ഥലങ്ങളും.
ഫണ്ടില്ലാത്തതിനാൽ പുതിയ കെട്ടിടങ്ങൾ പണിയുന്നത് നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ ചിലയിടങ്ങിൽ തപാൽ വകുപ്പ് കെട്ടിടം പണിയുന്നുണ്ട്. ഇത്തരത്തിൽ ഫണ്ടനുവദിച്ച് എത്രയും പെട്ടെന്ന് തപാൽ വകുപ്പ് കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.