പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ വിവിധ ഓഫീസുകളിലെ സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് പരിഹരിക്കാൻ ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ട് നിയമനം നടത്തി. 17 സ്പെഷ്യൽ അസിസ്റ്റന്റുമാരെയാണ് ഇങ്ങനെ സൂപ്രണ്ടുമാരായി നിയമിച്ചത്.
സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള ഫീഡർ തസ്തിക, സീനിയർ അസിസ്റ്റന്റ് തസ്തികയാണ്. ഈ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം നല്കി സൂപ്രണ്ടുമാരായി നിയമിക്കാൻ മതിയായ സീനിയർ അസിസ്റ്റന്റുമാരില്ല.
അതിനാൽ സീനിയർ അസിസ്റ്റന്റിന് തൊട്ടു താഴെയുള്ള സ്പെഷ്യൽ അസിസ്റ്റന്റുമാർക്ക് ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ടുമാരായി നിയമിക്കുകയായിരുന്നു.
ഗ്രഡേഷൻ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ഇപ്പോൾ സൂപ്രണ്ട് നിയമനം നടത്തിയത് എന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു.ഇരട്ട സ്ഥാനക്കയറ്റം മുഖേന സൂപ്രണ്ടുമാരാകാൻ താല്പര്യമുള്ളവരിൽ നിന്നും മാനേജ്മെന്റ് നേരത്തെ സമ്മതപത്രം തേടിയിരുന്നു.
അതനുസരിച്ച് സമ്മതപത്രം നല്കിയവരെയാണ് നിയമിച്ചിട്ടുള്ളത്. ഇവരുടെ പേരിൽ അനധികൃത അവധി, മറ്റ് ശിക്ഷാ നടപടികൾ തുടങ്ങി എന്തെങ്കിലുമുണ്ടെങ്കിൽ ജില്ലാ ഓഫീസർമാർ റിപ്പോർട്ട് ചെയ്യണമെന്നും ചീഫ് ഓഫീസിൽ നിന്നും മറുപടി ലഭിച്ച ശേഷമേ നിയമനം നല്കാവു എന്നും നിർദ്ദേശമുണ്ട്.ഇവരുടെ നിയമനം താത്ക്കാലികമാണെന്നും രണ്ടു വർഷം പ്രബോഷൻ കാലാവധിയാണെന്നും ഉത്തരവിലുണ്ട്.
ഇവർക്ക് പ്രമോഷന് അർഹതയില്ലെന്ന് കണ്ടെത്തുകയോ കോടതി വ്യവഹാരങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അതിനനുസൃതമായി നോട്ടീസ് നല്കാതെ തന്നെ സൂപ്രണ്ട് തസ്തിക റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്.
ഇരട്ട സ്ഥാനക്കയറ്റം മുഖേന 17 സൂപ്രണ്ടുമാരെ നിയമിച്ചതിനൊപ്പം നിലവിൽ സൂപ്രണ്ടുമാരായി ജോലി ചെയ്യുന്ന 41 പേർക്ക് സ്ഥലം മാറ്റവും നല്കിയിട്ടുണ്ട്. സൂപ്രണ്ട് തസ്തികകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റം.