കോട്ടയം: വൈകല്യത്തെ അതിജീവിച്ചു മുന്നേറുകയാണ് കോട്ടയം ഹെഡ്പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ കുഴിമറ്റം ശ്രീശൈലം വീട്ടിൽ വിനിത. മൂന്നാമത്തെ വയസിൽ പോളിയോ തളർത്തിയ ജീവിത്തെ ഉറച്ച മനസുകൊണ്ട് നേരിടുകയാണ് ഈ തപാൽ ജീവനക്കാരി.
പ്ലസ്ടു പഠനത്തിനു ശേഷം 18-ാം വയസിൽ തപാൽ വകുപ്പിൽ താത്കാലിക ജീവനക്കാരിയായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. തോട്ടയ്ക്കാട് പോസ്റ്റ് ഓഫീസിൽ ഇഡി സ്റ്റാഫായി ആദ്യ നിയമനം.
പിന്നീട് വാകത്താനം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി. 2015ലാണ് കോട്ടയത്ത ഹെഡ്പോസ്റ്റോഫീസിലെത്തുന്നത്. അന്നുമുതൽ ചാലുകുന്ന്, ചുങ്കം, പഴയ സെമിനാരി തുടങ്ങിയ ഒരേ ബീറ്റിലാണ് വിനിതിയുടെ ജോലി. ഇവിടെയുള്ള വീട്ടുകാരെല്ലാം വിനിതയ്ക്ക് കുടുംബാംഗങ്ങളേപ്പോലെയാണ്.
ഇടതു കാലിനു സ്വാധീനമില്ലാത്തതിനാൽ മുച്ചക്ര സ്കൂട്ടറിലാണ് യാത്ര. വീടുകൾക്ക് മുന്പിൽ സ്കൂട്ടർ എത്തിയാൽ ഹോണ്‍ മുഴക്കുകയാണ് പതിവ്. ശബ്ദം കേട്ട് വീട്ടുകാർ അടുത്തു വന്ന് തപാൽ ഉരുപ്പടികൾ കൈപ്പറ്റും.
രാവിലെ 11ന് യാത്രതിരിക്കുന്ന വിനിത ഉരുപ്പടികൾ മേൽവിലാസക്കാരന്റെ കൈകളിലെത്തിച്ചു കഴിയുന്പോൾ സമയം അഞ്ചാകും.കത്തുകളും ഉരിപ്പടികളും യഥാർഥ മേൽവിലാസക്കാരന്റെ കൈകളിലെത്തണമെന്ന് വിനിതയ്ക്ക് നിർബന്ധണാണ്.
വാഹനം എത്താത്ത സ്ഥലങ്ങളിൽ ആളുകളെ ഫോണിൽ വിളിച്ച് കത്തുകൾ കൈമാറും. ചില പ്രദേശങ്ങളിൽ നടന്നുപോകും. 2000 ലെ എസ്എസ്എൽസി പരീക്ഷയിൽ അംഗപരിമിതരുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്കും നേടിയാണ് വിനിത വിജയിച്ചത്.
ജോലിയിൽ എല്ലാ പിന്തുണയുമായി ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് അനിൽ കുമാറിന്റെ പിന്തുണയുമുണ്ട്. അവിനാഷ്, അനീഷ് എന്നിവരാണ് മക്കൾ.