കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
അനന്യ ജീവനൊടുക്കിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക ഫലം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
വ്യാഴാഴ്ച രാവിലെ എട്ടോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തിന് പോസ്റ്റുമോർട്ടം തുടങ്ങി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊതു ദർശനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസം മുന്‍പു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ അനന്യയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ചികിത്സാ പിഴവുണ്ടായെന്നും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.
ഒരു വർഷം മുമ്പ് നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു.