കൃഷിസ്ഥലമില്ലെങ്കില്‍ വിഷമിക്കേണ്ട! ഉരുളക്കിഴങ്ങിന് ചൊവ്വയില്‍ വളരാന്‍ സാധിക്കുമെന്ന് പഠനം; കൃഷിതുടങ്ങാനൊരുങ്ങി നാസ

Growing-potatoes-on-Mars-might-actually-work-hints-a-new-experimentഭൂമിയ്ക്ക് സമാനമായ ഗ്രഹമാണ് ചൊവ്വ എന്ന് പൊതുവെ പറയാറുണ്ട്. ഇപ്പോഴിതാ ചൊവ്വയില്‍ ഉരുളക്കിഴങ്ങ് കൃഷി നടത്താമെന്ന് പുതിയ പഠനം തെളിയിക്കുന്നു. ചൊവ്വയിലെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ച ശേഷം അവിടെ കൃഷി നടത്തിയാണ് പരീക്ഷണങ്ങള്‍ നടന്നത്. പഠനം വളരെ ഗുണകരമാണെന്നാണ് പഠനത്തോട് നാസയുടെ പ്രതികരണം. അടുത്ത ചൊവ്വ ഉദ്യമത്തില്‍ ചൊവ്വയില്‍ ഉരുളക്കിഴങ്ങ് വളര്‍ത്താന്‍ നാസ ശ്രമിക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പെറുവിലെ ഇന്റര്‍ നാഷണല്‍ പൊട്ടറ്റോ സെന്ററാണ് പുതിയ പഠനത്തിനുപിന്നില്‍. പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെയാണ് അവര്‍ ഇതിനായി ഒരുക്കിയത്. ഭൂമിയിലെ ഏറ്റവും തണുപ്പും ചൂടുമുള്ള സ്ഥലങ്ങളില്‍ ഉരുളക്കിഴങ്ങിന് വളരാനും നിലനില്‍ക്കാനും സാധിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതിനെതുടര്‍ന്നാണ് അതിലും കാഠിന്യമേറിയ കാലാവസ്ഥയില്‍ നിലനില്‍ക്കാനാവുമോ എന്ന് പരീക്ഷിച്ചത്. ഈ പരീക്ഷണവും ഉരുളക്കിഴങ്ങ് അതിജീവിച്ചു.
undefined
ക്യൂബ്സാറ്റ് എന്ന കൃത്രിമമായ സങ്കേതം സൃഷ്ടിച്ചാണ് ശാസ്ത്രജ്ഞര്‍ ഉരുളക്കിഴങ്ങ് ഗവേഷണം നടത്തിയത്. ഇവിടെ മണ്ണില്‍ത്തന്നെ കിഴങ്ങ് നട്ടു. വളമടങ്ങിയ ജലം നല്‍കി. ചൊവ്വ ഗ്രഹത്തിലെ ചൂട് അതേപടി ഉരുളക്കിഴങ്ങ് വളരുന്ന ഭാഗത്ത് ഉണ്ടെന്ന് നിരന്തരം ഉറപ്പുവരുത്തിക്കൊണ്ടുമിരുന്നു. ചൊവ്വയിലെ വായുമര്‍ദ്ദം കൊടുത്ത് അവിടെയുള്ള രാത്രിയും പകലും കൃത്രിമമായി സൃഷ്ടിച്ചു. ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റേയും അളവ് ചൊവ്വയിലേതിന് സമാനമാക്കി. പിന്നീട് ചൊവ്വയില്‍ ഉണ്ടാകാനിടയുള്ള പല വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളില്‍ പരീക്ഷണം ആവര്‍ത്തിച്ചു. അങ്ങനെ ഒരു ചൊവ്വ തന്നെ ഇവിടെ സൃഷ്ടിച്ചാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. ഭൂമിയെ അപേക്ഷിച്ച് കഠിനമായ കാലാവസ്ഥയുള്ള സ്ഥലങ്ങളിലും ഉരുളക്കിഴങ്ങിന് അതിജീവിക്കാന്‍ പറ്റുമെന്നത് ഭാവി ബഹിരാകാശ പര്യവേഷണങ്ങളെ സഹായിക്കും. ഭാവിയില്‍ ചൊവ്വയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹത്തിലോ മനുഷ്യന് ജീവിക്കേണ്ടി വന്നാല്‍ അവിടെയെല്ലാം ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ തന്നെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി വിജയിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Related posts