ചങ്ങനാശേരി: വിവിധ ജില്ലകളിൽനിന്നു പോത്തിനെ മോഷ്ടിച്ച് വിൽപ്പന നടത്തിയ ചങ്ങനാശേരി സംഘത്തെ പോലീസ് നാടകീയമായി പിടികൂടി.
പാലക്കാട് കണ്ണന്പറ സ്വദേശിയും ഇപ്പോൾ ചങ്ങനാശേരിയിൽ താമസക്കാരനുമായ അബ്ദുൾ സലാം, നെടുംകുന്നം സ്വദേശിയായ അപ്പുമോൻ, സതീഷ്, സന്ദീപ് എന്നിവരാണ് പിടിയിലായത്.
മല്ലപ്പള്ളി, പാലാ, കൂത്താട്ടുകുളം, എറണാകുളം ഭാഗങ്ങളിൽ നിന്നായി അന്പതോളം പോത്തുകളെ മോഷ്ടിച്ചു വിവിധ കശാപ്പുശാലകൾക്ക് വിൽപ്പന നടത്തിയെന്നാണ് ഇവരുടെ പേരിലുള്ള കേസ്.
രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പിക്കപ്പ് വാനുമായി എത്തി തക്കംനോക്കി പോത്തുകളെ ഇതിൽ കയറ്റി വിവിധ കശാപ്പുശാലകളിൽ എത്തിക്കുന്ന മോഷണ രീതിയാണ് ഇവർ സ്വീകരിച്ചിരുന്നതെന്നു പോലീസ് പറയുന്നു.
നെടുന്പാശേരി പോലീസ് പരിധിയിൽനിന്നും അഞ്ചു പോത്തുകളെ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ദിവസം നെടുന്പാശേരി പോലീസ് ചങ്ങനാശേരിയിലെത്തി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടെയാണു ചങ്ങനാശേരി ബൈപാസിൽ പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞു പ്രതികളെ പിടികൂടിയത്.
പെരുന്നയിലുള്ള ആളുടെ ഉടമസ്ഥതയിലുള്ള പിക്ക് അപ്പ് വാൻ വാടകയ്ക്കെടുത്താണ് പ്രതികൾ മോഷണം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഇവരെക്കുറിച്ച് പോലീസ് കൂടുതൽ അനേഷണം നടത്തിവരികയാണ്.