കോട്ടയം: വെട്ടാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഇന്നു രാവിലെ എട്ടിന് ഏറ്റുമാനൂർ ബസ്റ്റാൻഡിനു സമീപമുള്ള യൂദാ മീറ്റ്സിൽ അറക്കുന്നതിനായി ലോറിയിൽ എത്തിച്ച പോത്ത് ലോറിയിൽ നിന്നും ഇറക്കുന്നതിനിടയിൽ വിരണ്ടോടുകയായിരുന്നു.
വിരണ്ട പോത്ത് മെയിൻ റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് കുതിക്കുകയായിരുന്നു. ഈ സമയം റോഡിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു
പോത്ത് വിരണ്ടോടുന്നതു കണ്ട ഉടൻ എൻഫോഴ്സ്മെന്റ് വിഭാഗം വാഹനത്തിലുണ്ടായിരുന്ന എഎംവി അൻഷാദും ടീമും പോത്തിന്റെ പുറകെ വാഹനം ഓടിച്ചെത്തി പാറോലിക്കൽ ഭാഗത്തുള്ള ബ്രദേഴ്സ് ട്രേഡിംഗ് കന്പനിയുടെ പുറകിലുള്ള ഗ്രൗണ്ടിലാക്കി.
പുറത്തേക്കുളള വഴികൾ നാട്ടുകാർ അടച്ചു. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും പോത്തിനെ കുടുക്കിട്ട് കെട്ടുകയായിരുന്നു.
റോഡിലൂടെ വിരണ്ടോടിയ പോത്ത് നിരവധി ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. പോത്ത് വിരണ്ടതോടെ പ്രദേശത്തെ വ്യാപാരികളും നാടൊന്നാകെ പരിഭ്രാന്തരായി.