ആലപ്പുഴ: ഇറച്ചി വില്പനശാലയിൽ നിന്നും വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം ആലപ്പുഴ നഗരത്തെ വിറപ്പിച്ചു. വിരണ്ട പോത്തിന്റെ കുത്തേറ്റ് ജല അഥോറിറ്റിയുടെ അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിയുടെ കൈയും ഒടിഞ്ഞു. വീടുകളിലേക്കും പോത്ത് ഓടിയടുത്തതോടെ ജനം പരിഭ്രാന്തിയിലായി.
ഇന്നലെ രാവിലെ ഏഴോടെയാണ് കല്ലുപാലത്തിന് സമീപമുള്ള ഇറച്ചി വില്പനശാലയിൽ നിന്നും പോത്ത് വിരണ്ടോടിയത്. സീറോ ജംഗ്ഷനിൽ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന പുറക്കാട് കൊച്ചുതറ വീട്ടിൽ അജീഷിനെ(31)യാണ് പോത്ത് ആദ്യം കുത്തിവീഴ്ത്തിയത്.
പിന്നീട് ഇരുന്പുപാലം ഭാഗത്തെത്തിയ പോത്ത് ചാത്തനാട് ഭാഗത്തേക്കു ഓടി. ഈ ഭാഗങ്ങളിൽ ഒട്ടേറെ വീടുകളിലേക്കും ഓടിക്കയറി. ചില വീടുകളുടെ ഗേറ്റും കക്കൂസിന്റെ വാതിലുകളും തകർക്കാൻ ശ്രമിച്ചു.പോത്ത് വിരണ്ടോടിയ വിവരമറിഞ്ഞ് ആളുകളിൽ പലരും വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. ഇതിനിടെ ചില വീടുകളുടെ വാതിലും തകർക്കാൻ ശ്രമിച്ചു.
ഉച്ചയോടെ പോത്ത് മട്ടാഞ്ചേരി പാലത്തിനു സമീപമുള്ള കനാലിലിറങ്ങി. വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയെത്തി പോത്തിനെ കയർ ഉപയോഗിച്ച് കുരുക്കുകയായിരുന്നു. ഒടുവിൽ കല്ലുപാലം മലബാർ മീറ്റ് സ്റ്റാൾ ഉടമ എ.ആർ. കമറുദ്ദീൻ എത്തി പോത്തിനെ കൊണ്ടുപോയി. പരിക്കേറ്റ അജീഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അജീഷിന്റെ വലതു കൈയാണ് ഒടിഞ്ഞത്. ജല അഥോറിറ്റിയുടെ കരാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകി.