പോത്തൻകോട്: കാട്ടായിക്കോണം ശാസ്തവട്ടത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി.
നെടുമങ്ങാട് ഇരിഞ്ചയം കിഴക്കുംകര പുത്തൻ വീട്ടിൽ പ്രഭ (37) ആണു മരിച്ചത്. ഭർത്താവ് ശാസ്തവട്ടം മഠത്തിൽമേലെ രേഷ്മാ ഭവൻ തടത്തരികത്ത് പുത്തൻ വീട്ടിൽ സെൽവരാജി (സുരേഷ്-42) നെ പോത്തൻകോട് പോലീസ് പിടികൂടി.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ശാസ്തവട്ടം ജംഗ്ഷനു സമീപമായിരുന്നു കൊലപാതകം.
മങ്ങാട്ടുകോണം മഠത്തിൽമേലെയിൽ വീട്ടു ജോലിക്കു പോയി തിരികെ ഇരിഞ്ചയത്തെ വീട്ടിലേക്ക് പോകാൻ ശാസ്തവട്ടം ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു ഭർത്താവ് സുരേഷ് പ്രഭയെ തള്ളിയിട്ട് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
വിവരമറിഞ്ഞ് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പോലീസ് മങ്ങാട്ടുകോണത്തെത്തി വീടു പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു.
സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.
ഏഴുമാസം മുമ്പാണ് പ്രതിയും ഭാര്യ പ്രഭയും ശാസ്തവട്ടത്തെ വീട്ടിൽ നിന്നു കുട്ടികളുമൊത്ത് ഇരിഞ്ചയത്തെ കുടുംബ വീട്ടിലെത്തിയത്.
അവിടെ നിന്നുമാണ് പ്രഭ ശാസ്തവട്ടത്തെ മറ്റൊരു വീട്ടിൽ വീട്ടു ജോലിക്കു വന്നിരുന്നത്. റൂറൽ എസ്പി മധു, ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.അനിൽകുമാർ, പോത്തൻകോട് സിഐ കെ. ശ്യാം,
എസ്ഐ. വിനോദ് വിക്രമാദിത്യൻ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അഭിനവരാജും അഭയയും മക്കളാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.