പോത്തൻകോട്: ഗുണ്ടകളും കൊലക്കേസ് പ്രതികളുമായ സംഘത്തോടൊപ്പം യൂണിഫോമിൽ മദ്യസൽകാരത്തിൽ പങ്കെടുത്ത പോലീസുകാരന് സസ്പെൻഷൻ.
പോത്തൻകോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിഹാനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഇതിനു പിന്നാലെ മണ്ണ് കടത്ത് സംഘത്തിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പോത്തൻകോട് സിഐ ശ്യാമിനെതിരേ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
അടുത്ത കാലത്ത് കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം.
ദീപു കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുന്‍പായിരുന്നു സംഭവം. യൂണിഫോമിൽ ഗുണ്ടകളുമൊത്ത് മദ്യസൽകാരത്തിൽ പങ്കെടുക്കുന്ന പോലീസുകാരൻ ജിഹാന്റെ ഫോട്ടോ റേഞ്ച് ഐജി നിശാന്തിനിക്ക് ചിലർ കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വകുപ്പുതല അന്വോഷണത്തെ തുടർന്നാണ് ജിഹാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഇയാൾക്കെതിരെ ലോക്ഡൗണ്‍ സമയത്ത് അനധികൃത വിദേശ മദ്യം കടത്തുന്നതിന് ഒത്താശ നൽകിയതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്.
ഇതിനിടയിലാണ് പോത്തൻകോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്യാമിനെതിരെ കൈക്കൂലി വാങ്ങിയതുമയി ബന്ധപ്പെട്ടുയർന്ന് ഗുരുതര ആരോപണത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചത്.
മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അന്വേഷണം. ഗൂഗിൾ പേ വഴി സിഐ മണ്ണ് മാഫിയയിൽ നിന്ന് വൻ തുക കൈപ്പറ്റിയതിന്റെ രേഖകൾ ഐജിക്ക് ലഭിച്ചിരുന്നു.
ഇതുസംബന്ധിച്ച് സിഐക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.