പോത്താനിക്കാട്: കടവൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം മൂത്ത് ഒരാൾ കുത്തേറ്റുമരിച്ചു. കടവൂർ പൂതക്കുഴിയിൽ മണിയുടെ മകൻ വിദ്യാധരൻ (33) ആണ് കൊല്ലപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായ വിദ്യാധരൻ ഇന്നലെ വൈകുന്നേരം 6.30ഓടെ കാളിയാർ പുഴയുടെ പരിതപ്പുഴ ചെക്ക് ഡാമിൽ കുളിക്കുവാൻ എത്തിയശേഷം സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രാത്രി ഒൻപതോടെ ചെക്ക് ഡാമിന്റെ പാലത്തിൽവച്ചാണ് കുത്തേറ്റത്. ഉടൻ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11 ഓടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാധരന്റെ സുഹൃത്ത് എൽദോസ് പോലീസിൽ കീഴടങ്ങി. വിദ്യാധരന്റെ ഭാര്യ സംഗീത. മകൻ: ആദിത്യൻ (എൽകെജി വിദ്യാർഥി).
പ്രതി എൽദോസ് സിപിഎം കടവൂർ മേഖലയിലെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസഫ് വാഴയ്ക്കന്റെ വാഹനം തടഞ്ഞതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമാണ്.