പോത്തൻകോട്: കല്ലൂർ പാണൻവിളയിൽ വച്ച് സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനഞ്ചോളം പേർ കസ്റ്റഡിയിൽ. ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് (22), മൊട്ട നിധീഷ് (24), കണിയാപുരം സ്വദേശി രഞ്ജിത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഞ്ജിത്തിന്റെ ഓട്ടോറിക്ഷയിലാണ് അക്രമി സംഘമെത്തിയത്. കൊലപാതകത്തിനുശേഷം ആറ്റിങ്ങലിലെ ഭാര്യ വീട്ടിൽ എത്തിയ രഞ്ജിത്തിനെ ശനിയാഴ്ച രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിൽ പങ്കില്ലെന്നും ഓട്ടം പോവുക മാത്രമാണ് ചെയ്തതാണ് രഞ്ജിത്ത് നൽകിയ മൊഴി.
എന്നാൽ രഞ്ജിത്തിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയിൽ നിന്നും ആയുധവുമായി പുറത്തു പോകുന്നതിന്റെയും തിരികെ വയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ പകയാണെന്ന് റൂറൽ എസ്പി പി.കെ മധു വ്യക്തമാക്കി. ഒട്ടകം രാജേഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംഘമാണ് സുധീഷിനെ വെട്ടിക്കൊന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
ഭീഷണി നിലനിൽക്കുന്നതിനാൽ സുധീഷ് ഏറെ നാളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. സുധീഷ് ബന്ധുവീട്ടിലുള്ള കാര്യം മനസിലാക്കിയ സംഘം ആദ്യം ട്രയൽ നടത്തി. പരിസരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയ ശേഷമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന് ബൈക്കുകളിലും ഓട്ടോയിലുമായി 11 അംഗ സംഘം സുധീഷിനെ അന്വേഷിച്ചെത്തി. അപകടം മനസിലാക്കിയ ഉടൻ തന്നെ സുധീഷ് ബന്ധുവീട്ടിലേക്ക് ഓടിക്കയറി കതകടച്ചു. പരിസരവാസികളും ഈ സമയത്ത് പ്രദേശത്തേക്ക് എത്തിച്ചേർന്നു.
ആദ്യം പ്രദേശവാസികളെ ഓടിക്കാൻ ഗുണ്ടാസംഘം നാടൻ ബോംബെറിഞ്ഞു. മറ്റെല്ലാവരും പകച്ചുനിൽക്കുന്ന സമയത്ത് വീടിന്റെ കതക് പൊളിച്ച് അകത്തു കയറി സുധീഷിനെ വെട്ടിനുറുക്കി.കൈകാലുകൾ വെട്ടിമാറ്റിയ ശേഷം ഒരു കാലെടുത്ത് സംഘം ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ഉത്സവാഘോഷത്തോടെയാണ് പ്രതികൾ ബൈക്കിലിരുന്നത്. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ കാല് റോഡിൽ ഉപേക്ഷിച്ചു. വീട്ടിലുണ്ടായിരുന്ന മക്കൾ സുധീഷിനെ വെട്ടിക്കൊല്ലുന്നത് നോക്കിനിൽക്കുകയായിരുന്നു.
മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച സുധീഷ്. ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ ഇക്കഴിഞ്ഞ 6ന് സുധീഷിന്റെ സംഘം വീട് ആക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. രാജേഷിന്റെ സംഘത്തിന് നേരെയായിരുന്നു ഈ ആക്രമണമെന്നാണ് വിവരം.
ഈ കേസിൽ അഞ്ച് പേർ ഇപ്പോൾ ജയിലിലാണ്. പ്രത്യാക്രമണം തുടരുമെന്ന് മനസിലാക്കിയ സുധീഷ് കല്ലൂർ പാണൻ വിളയിലെ അമ്മയുടെ കുടുംബ വീട്ടിൽ ഒളിവിലായിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള കഥകൾ ഭീതി പരത്താനായി ഉപയോഗിക്കുന്നത് ഒട്ടകം രാജേഷിന്റെ രീതിയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ ട്രയല്‍ റണ്‍ നടത്തിയെന്ന് പോലീസ്
പോത്തന്‍കോട് : കൊലപാതകത്തിന് മുമ്പ് പ്രതികള്‍ നാടൻ പടക്കമെറിഞ്ഞ് ട്രയല്‍ റണ്‍ നടത്തിയെന്ന് വിവരം. മംഗലപുരം മങ്ങോട് കോണം പാലത്തിന് മുന്നില്‍ നിന്നാണ് നാടൻ പടക്കമെറിഞ് ട്രയല്‍ റണ്‍ നടത്തിയത്.
സുധീഷ് ഒളിച്ചു താമസിച്ചത് ലക്ഷം വീട് കോളനിയിലായതിനാല്‍, അവിടെ എത്തി എങ്ങനെ പ്രതിരോധം തീര്‍ക്കാം എന്ന് കണക്കുകൂട്ടിയാണ് പടക്കമെറിഞ്ഞ് നോക്കിയത് എന്നാണ് പൊലീസ് പറയുന്നത്.