മംഗലംഡാം: കടപ്പാറയിൽ വനത്തിനകത്തെ കോളനിയിലേക്ക് റോഡും പാലവും നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് കൈമാറാൻ വൈകിപ്പിച്ച് ബുദ്ധിമുട്ടിച്ചപ്പോൾ ആദിവാസികൾ സംഘടിച്ച് തോടിനു കുറുകെ താൽക്കാലിക പാലം നിർമ്മിച്ചു. തളികകല്ല് കോളനി വഴിയിൽ പോത്തം തോടിനു കുറുകെയാണ് നടപ്പാലം പണിത് കാട്ടിനുള്ളിൽ ഒറ്റപ്പെടുന്നതിന് താല്കാലിക പരിഹാരം കണ്ടത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിൽ പോത്തംതോട് കവിഞ്ഞൊഴുകി കോളനിക്കാർ നാല് ദിവസം ഒറ്റപ്പെട്ടിരുന്നു. തോട്ടിൽ നിലവിലുള്ള വഴിയിൽ നിന്നും താഴെയായാണ് മരതടികളും മുള പട്ടികകളും കന്പിയും ഉപയോഗിച്ച് എട്ടടിയോളം ഉയരത്തിൽ നടപ്പാത ഒരുക്കിയിട്ടുള്ളത്.
തോട്ടിനുള്ളിൽ നിൽക്കുന്ന മരങ്ങളിലാണ് പാലം ഉറപ്പിച്ചിട്ടുള്ളത്.നാല് ദിവസം മുന്പ് തുടങ്ങിയ പാലം പണി ഇന്നലെയാണ് പൂർത്തിയായത്. കന്പിവലിച്ച് കെട്ടി പാലം കൂടുതൽ ഉറപ്പേറിയതാക്കാനുണ്ടെന്ന് പാലം പണിക്ക് നേതൃത്വം നൽകിയ കോളനിയിലെ രാജപ്രിയൻ പറഞ്ഞു. പാലം പണിക്ക് ചെലവായ തുക പഞ്ചായത്തും വനംവകുപ്പുമെല്ലാം നൽകുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാർ.
കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കടപ്പാറയിൽ നിന്നും മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന വനത്തിനകത്തെ തളികക്കല്ല് കോളനിയിലേക്ക് റോഡ് നിർമ്മിക്കാൻ നബാർഡ് രണ്ടേ കാൽ കോടി രൂപ അനുവദിച്ചത്.
പട്ടികവർഗ്ഗ വകുപ്പിനു കീഴിൽ കിഡ്കോയാണ് റോഡുപണി കരാറുക്കാരനെ ഏല്പിച്ചത്.
എന്നാൽ റോഡ് നിർമമാണം 80 ശതമാനം പൂർത്തിയാക്കിയിട്ടും അനുവദിച്ച ഫണ്ട് കരാറുക്കാരന് നൽകാതെ രണ്ടു വർഷത്തോളം ബുദ്ധിമുട്ടിച്ചപ്പോൾ ഇപ്പോൾ കരാറുക്കാരനും പണികൾ നിർത്തി വെച്ചു. ഇനി പോത്തം തോടിനു കുറുകെ പാലം നിർമാണമാണ് റോഡ് നിർമ്മാണത്തിൽ പ്രധാനമായും ശേഷിക്കുന്നത്.
കഴിഞ്ഞ വേനലിലെങ്കിലും ചെയ്തവർക്കിന്റെ പണമെങ്കിലും കൊടുത്തിരുന്നുവെങ്കിൽ പാലം നിർമ്മാണവും മഴക്കാലത്തിനു മുന്നേ പൂർത്തിയാകുമായിരുന്നു.ഇതിനു മുന്പ് 2007ൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ കോളനിയിലേക്ക് റോഡ് നിർമ്മിക്കാൻ പദ്ധതിയിട്ട് റോഡ് നിർമ്മാണം ആരംഭിച്ചിരുന്നെങ്കിലും 2007 ജൂലൈ മാസത്തിലുണ്ടായ അതിവർഷത്തിൽ നിർമ്മിച്ച റോഡ് മലവെള്ളപാച്ചിലിൽ ഒഴുകി പോവുകയായിരുന്നു.
പിന്നീട് ഉൗരുമൂപ്പൻ രാഘവൻ ബന്ധപ്പെട്ടവർക്ക് നിരന്തരമായി നൽകിയ അപേക്ഷകളിലാണ് നബാർഡ് ഫണ്ടു പാസ്സായത്. അനുവദിച്ച ഫണ്ട് വിവിധ വകുപ്പ് ഓഫീസുകളിൽ കുടുങ്ങി പാഴാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ആദിവാസികൾ.