തിരുവനന്തപുരം: പോത്തൻകോട്ട് നവജാത ശിശുവിനെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സജി-സുരിത ദന്പതികളുടെ മകൻ 36 ദിവസം പ്രായമുള്ള ശ്രീദേവിന്റെ മൃതദേഹമാണ് വീട്ടിലെ കിണറ്റിനകത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സാന്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞിനെ വളർത്താൻ സാധിക്കാത്തതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് യുവതി പോലീസിനോട് വ്യക്തമാക്കിയത്.
ഇന്നലെ രാത്രിയിൽ സുരിതയും മകനും ഒരുമിച്ചാണ് കിടന്നുറങ്ങിയത്. കുട്ടിയുടെ അച്ഛൻ വീട്ടിലില്ലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ നിലവിളിച്ചതോടെ അയൽവാസികളും നാട്ടുകാരും വീട്ടിലെത്തി. വീട്ടിലും പരിസരത്തും നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ ശരീരത്തിൽ പുതച്ചിരുന്ന ടവ്വൽ കിണറിന് സമീപം കണ്ടെത്തി.
തുടർന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കിണറ്റിനകത്ത് കണ്ടെത്തുകയായിരുന്നു. നാട്ടുകാർ പോത്തൻകോട് പോലീസിൽ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ കുഞ്ഞിനെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സുരിതയും അമ്മയും ചേച്ചിയുമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്. സുരിതയുടെ ഭർത്താവ് സജി മറ്റൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയിച്ചതിനെത്തുടർന്ന് സജിയും സഹോദരിയും സുരിതയുടെ വീട്ടിലെത്തിയിരുന്നു. സജിയെയും സുരിതയെയും പോലീസ് വിശദമായി ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിലാണ് സുരിത കുറ്റം സമ്മതിച്ചത്. അഞ്ച് വയസുള്ള മറ്റൊരു ആണ്കുട്ടി ഇവർക്കുണ്ട്. ഇത് രണ്ടാമത്തെ കുഞ്ഞാണ്. നേരത്തെ രണ്ട് തവണ സുരിത ഗർഭിണിയായെന്നും രണ്ട് പ്രാവശ്യവും അബോർഷൻ നടത്തിയെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. കിണറ്റിൽ നിന്നു കരയ്ക്കെത്തിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുരിതയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.