പോത്തൻകോട്: അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനാറെ മുക്കാൽ പവൻ സ്വർണം മോഷ്ടിച്ച പ്രതിയെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിഗിരി ചെറുവില്ലി ടിപി ഹൗസിൽ ഷൈനിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കൊയ്ത്തൂർക്കോണം ഖബറഡി ഫാത്തിമ മൻസിലിൽ ഷംന (29 ) യെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതി ഷൈനിയുടെ അടുത്ത ബന്ധുവാണെന്ന് പോലീസ് പറഞ്ഞു. വീട്ടിലുള്ളവർ കഴിഞ്ഞ മാസം 24 ന് ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തി രാത്രി പത്ത് മണിയോടെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിഞ്ഞത്.
പോത്തൻകോട് എസ്എച്ച്ഒ. പി.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ വി.എസ്. അജീഷ്,ഗോപകുമാർ, രവീന്ദ്രൻ. കെ. സന്തോഷ്, സനിത, താഹിറ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.