മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ എന്ന ഷോർട്ട് ഫിലിം യാഥാർഥ്യമായി. അവർക്കു പിന്തുണയുമായി ഗോഡ്സ് ഓണ്‍ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും സ്കൂൾ അധികൃതരും കൂടെ നിന്നു. തിരക്കഥാ പരിശീലനവും ഹ്രസ്വചിത്ര നിർമാണവും സ്കൂൾ തലങ്ങളിലേക്ക് എന്ന ആശയവുമായി രൂപീകരിച്ച ഗോഡ്സ് ഓണ്‍ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആദ്യ സംരംഭം കൂടിയാണ് ഇത്.
സിനിമ സ്വപ്നം കാണുന്ന കുട്ടികൾ നമുക്കിടയിൽ ധാരാളമുണ്ട്. എങ്ങനെ സിനിമ എടുക്കണമെന്നോ ആരെ കാണണമെന്നോ എന്തു ചെയ്യണമെന്നോ അവർക്ക് അറിയില്ല. ഈ അറിവില്ലായ്മയിൽ ഒതുങ്ങിനിൽക്കുന്ന കുട്ടികളെ സ്കൂൾ തലത്തിൽ കണ്ടെത്തി അവർക്ക് പരിശീലനവും നിർദേശങ്ങളും നൽകി പുതിയ ഷോർട്ട് ഫിലിം നിർമിക്കുക എന്ന ആശയമാണ് ഗോഡ്സ് ഓണ്‍ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നത്.
പൊതിച്ചോർ എന്ന ഷോർട്ട് ഫിലിം സംഘടനയുടെ ആദ്യ ചുവടുവയ്പാണെന്ന് രക്ഷാധികാരി സോണി കല്ലറയ്ക്കൽ പറയുന്നു. മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ തങ്ങൾക്ക് തിരക്കഥ പഠിക്കാനും സിനിമ നിർമിക്കാനും താല്പര്യമുണ്ടെന്ന് സൊസൈറ്റിയെ അറിയിച്ചു. തുടർന്ന് ചിന്നാർ വന്യജീവി സങ്കേതത്തിൽവച്ച് ഒരു ദിവസം കൊണ്ട് കുട്ടികളെക്കൊണ്ട് തിരക്കഥയെഴുതിച്ച് ഏഴുമിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം തയാറാക്കുകയായിരുന്നു.
വിദ്യാർഥികളുടെ തിരക്കഥയിൽ അവരും സ്കൂളിലെ അധ്യാപകരുമാണ് അഭിനയിച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ഷൂട്ടിംഗിനോടൊപ്പം എഡിറ്റിംഗും പൂർത്തിയാക്കി ചിത്രം പ്രദർശനത്തിനു തയാറാക്കി. പൊതിച്ചോർ എന്നു പേരുമിട്ടു. 24 മണിക്കൂർ പൂജ്യം ബജറ്റ് എന്ന രീതിയിലാണ് ചിത്രം നിർമിക്കാനായത്. ഒരു രൂപ പോലും ചെലവായില്ല. മൊബൈൽ കാമറയിലാണ് രംഗങ്ങൾ പ
കർത്തിയത്. പൊതിച്ചോറിന്റെ റിലീസ് മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ഫാ. മാത്യു തുണ്ടിയിൽ, മാനേജർ ഫിലിപ് മഞ്ചാടിയിൽ, അക്കാദമിക് കോ-ഒാർഡിനേറ്റർ സെലിൻ ടീച്ചർ എന്നിവർ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകി ഒപ്പമുണ്ടായിരുന്നു. നിലവിൽ ഒരുപാട് സ്കൂളുകൾ ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ടുവരുന്നുണ്ടെന്നു സൊസൈറ്റി ഭാരവാഹികൾ പറയുന്നു.