ഗുരുവായൂർ: പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടും എന്ന് സ്കൂളധികൃതരും വീട്ടുകാരും ഉറപ്പിച്ച അബ്ദുൾ മുയീസന്റെ മരണം കൂട്ടുകാരേയും നാട്ടുകാരേയും ദുഖത്തിലാഴ്ത്തി.
വീട്ടിൽനിന്ന് അധികം പുറത്തിറങ്ങാത്ത മുയീസ് വീടിനടുത്തുള്ള പൂരത്തിനു പങ്കെടുക്കാൻ കൂട്ടുകാരുമൊത്താണ് പോയത്. നീന്തലറിയാവുന്ന മുയീസ് ക്ഷേത്രക്കുളത്തിൽ ഇറങ്ങി രണ്ടുപ്രവശ്യം നീന്തി തിരിച്ചെത്തി.
മൂന്നാമത് നീന്തി പകുതിയെത്തിയപ്പോഴേക്കും തളർച്ചതോന്നിയതായാണ് കൂട്ടുകാർ കരച്ചിലോടെ പറഞ്ഞത്. ആദ്യമാരും രക്ഷക്കെത്തിയില്ലെന്നും കൂട്ടുകാർ പറയുന്നു.
ക്ലാസ് ടീച്ചർ ഗീതയോടു മൂന്നാം തീയതി ഹാൾ ടിക്കറ്റ് വാങ്ങാനെത്താം എന്ന് പറഞ്ഞ് ശനിയാഴ്ച ഫോണിൽ പഠനകാര്യങ്ങളൊക്കെ ചർച്ച ചെയ്തിരുന്നു.
ഗീത ടീച്ചർ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഒൻപതാം ക്ലാസ് മുതലാണ് മുയീസ് ശ്രീകൃഷ്ണ സ്കൂളിൽ ചേർന്നത്. രണ്ടു വർഷം കൊണ്ട് അധ്യാപകരുടേയും വിദ്യാർഥികളുടേയും അരുമയായി അവൻ മാറി.
മൃതദേഹം ശ്രീകൃഷ്ണ സ്കൂളിലെത്തിച്ചതോടെ അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരുമെല്ലാം അലമുറയിട്ടു. മുക്കാൽ മണിക്കൂറോളം മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനുവച്ചു.
കെ.വി. അബ്ദുൽ ഖാദർ എംഎൽഎ, നഗരസഭ ചെയർപേഴ്സണ്‍ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ദേവസ്വം ഭരണസമതി അംഗം എ.വി. പ്രശാന്ത്, കൗണ്‍സിലർമാരായ ഷൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ, ശോഭ ഹരിനാരായണൻ, എ.സി. ആനന്ദൻ തുടങ്ങി നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.