പോത്തുണ്ടി: ശക്തമായ മഴയും നെല്ലിയാന്പതിയിലെ ഉരുൾപൊട്ടലുംമൂലം ചെളിനിറഞ്ഞ പോത്തുണ്ടി ഡാമിൽ നിന്നുള്ള ജലവിതരണം സാധാരണ നിലയിലേക്ക്. ഡാമിലെ വെള്ളം പൂർണമായും ചെളി നിറഞ്ഞതോടെ അഞ്ചുദിവസം പൂർണമായും ജലവിതരണം നിർത്തിവച്ചിരുന്നു.
വെള്ളം ശുദ്ധീകരണശാലയിലെ ഉപകരണങ്ങൾ ഉൾപ്പെടെ ചെളി നിറഞ്ഞതിനാലാണ് ജലവിതരണം നിർത്തിവയ്ക്കേണ്ടി വന്നത്.കനത്ത മഴയിൽ ഓഗസ്റ്റ് 16 നാണ് നെല്ലിയാന്പതിയിലെ ചുരം പാതയിലും ഡാമിനോട് ചേർന്നുള്ള ഗോവിന്ദാമലയുടെ താഴ്വാരത്തും വലിയ ഉരുൾപൊട്ടലുണ്ടായത്.
ഉരുൾപൊട്ടലിൽ ഡാമിലേക്ക് വലിയ തോതിൽ മണ്ണും പാറകഷണങ്ങളും ഒലിച്ചിറങ്ങിയാണ് ഡാം പൂർണമായും കലങ്ങിമറിഞ്ഞത്. ഇതോടെ സൂപ്പർ ക്ലോറിനേഷൻ നടത്തി ജലവിതരണം നടത്തിയെങ്കിലും വെള്ളത്തിലെ ചെളി കുറഞ്ഞിരുന്നില്ല. ഇതോടെയാണ് ജലവിതരണം നിർത്തിയത്.
ഇപ്പോൾ ഡാമിലെ വെള്ളത്തിൽ കലക്കത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. മുകളിൽനിന്നുള്ള വാൽവിലൂടെയൂടെയാണ് ഇപ്പോൾ പന്പിംഗ് നടത്തി ശുചീകരിച്ചശേഷം ജലവിതരണം നടത്തുന്നത്. എങ്കിലും ശരിയായി വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് ഡാമിലേക്ക് വൻതോതിൽ മണ്ണടിഞ്ഞുകൂടിയതു പരിശോധിക്കുന്നതിനായി പീച്ചി കേരള എൻജിനീയറിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.