പോത്തുണ്ടി: ശക്തമായ മഴയിലും വെള്ളപ്പാച്ചിലിലും പോത്തുണ്ടി ജലസേചന കനാലിന്റെ മിക്ക ഭാഗങ്ങളിലെയും ബണ്ടുകൾ തകർന്നു. നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളം തുറന്നുവിടുന്ന ഭാഗങ്ങളിലെ കനാലിന്റെ ഭിത്തികളാണ് തകർന്നത്.
ഇനി കനാലുകൾ വഴി ജലസേചനം നടത്തണമെങ്കിൽ അടിയന്തിരമായി നന്നാക്കിയെടുക്കണം. ഓഗസ്റ്റ് 16ന് അളുവാശേരി ചേരുംകാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചുവന്നതിനെ തുടർന്നാണ് അളുവാശേരി സ്കൂളിനു സമീപമുള്ള കനാൽബണ്ട് തകർന്നത്.
ചെമ്മന്തോട്, അയിലൂർ പാളിയമംഗലം, ചെല്ലുവടി ഭാഗങ്ങളിലും ഭിത്തികൾ തകർന്ന് കനാൽ ഇല്ലാതായി. മഴമാറിയതോടെ പാടശേഖരങ്ങളിലെ വെള്ളംകുറഞ്ഞ സ്ഥിതിയാണ്. വാലറ്റപ്രദേശങ്ങളിൽ വെള്ളമില്ലാതായതോടെ ഉണങ്ങുമെന്ന ഭീഷണിയിലുമാണ്. ഒന്നാംവിള നെൽകൃഷി രക്ഷിച്ചെടുക്കുന്നതിനായി പോത്തുണ്ടി ഡാം തുറന്നാലും കനാലുകൾ പൂർണമായി തകർന്നതിനാൽ മിക്ക ഭാഗങ്ങളിലും വെള്ളമെത്താത്ത സ്ഥിതിയാണ്.
കൂടാതെ ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിൽ വലിയതോതിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതും മാറ്റിയാൽ മാത്രമേ ജലവിതരണം പൂർണമായി നടത്താൻ കഴിയുകയുള്ളൂ. സാധാാരണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് കനാലുകളിലെ മണ്ണുനീക്കം ചെയ്യുക. ഇനി രണ്ടാംവിള നെൽകൃഷിക്ക് വെള്ളമെത്തിക്കണമെങ്കിൽ തകർന്ന കനാലുകൾ അടിയന്തിരമായി നന്നാക്കേണ്ട സ്ഥിതിയാണ്.