അയിലൂർ: പോത്തുണ്ടി ജലസംഭരണിയിൽ വെള്ളമുണ്ടായിട്ടും കനാലുകളുടെ അറ്റകുറ്റപ്പണി നടത്താത്തിനാൽ ആശങ്കയിലായ കർഷകർക്ക് ആശ്വാസമായി കനാലുകളുടെ നവീകരണ പ്രവൃത്തികൾ തുടങ്ങി. പോത്തുണ്ടി പദ്ധതിയുടെ ഇടതുവലത് കനാലുകളുടെ അറ്റകുറ്റപ്പണിയാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കനാലുകളുടെ നവീകരണം നടത്തുന്നുണ്ടെങ്കിലും ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ള കനാലുകളിലെ കല്ലും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യേണ്ടി വരുമെന്നും കർഷകർ പറഞ്ഞു. ഇതോടെ പോത്തുണ്ടി പദ്ധതിക്കു കീഴിൽ വരുന്ന നെ·ാറ, അയിലൂർ, മേലാർകോട്, വണ്ടാഴി, എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിലെ കനാലുകൾ നവീകരിച്ചുതുടങ്ങി.
ആറു പഞ്ചായത്തുകളിലായി 4785 ഹെക്ടർ കൃഷിയിടത്തിലേക്കാണ് കനാൽ വെള്ളം ഉപയോഗിക്കുന്നത്. പാളിയമംഗലം, കുറുന്പൂര്, ചേരുംകാട് ഭാഗങ്ങളിൽ ബണ്ടുതകർന്ന നിലയിലാണ്. പോത്തുണ്ടി കനാലിലെ ചിലയിടങ്ങളിലെ ലീക്കേജ് അടയ്ക്കുന്ന പണികളും തകൃതിയിൽ നടക്കുന്നു.
പൂഞ്ചേരി, ഓവുപാറ കനാലുകളിലെ കിലോമീറ്റർ ദൂരം മണ്ണുനീക്കം ചെയ്യേണ്ടതായുണ്ട്. ഒന്നാംവിള നെൽകൃഷി കൊയ്ത്തിനു തുടക്കമായെങ്കിലും ആഴ്ച്കൾ കഴിഞ്ഞാൽ മാത്രമെ പരക്കേ വിളകൊയ്ത് എടുക്കൂ. കോഴിക്കാട്, അയിലൂർ, പാലമുക്ക്, വണ്ടാഴി പാടശേഖരങ്ങളിൽ നെൽച്ചെടികൾ ഉണങ്ങി തുടങ്ങിയതും കർഷകരെ കണ്ണീരിലാക്കി.
സാധാരണ നവംബർ രണ്ടാംവാരം കനാലിലൂടെ ജലസേചനത്തിന് വെള്ളം തുറന്നുവിടാറുണ്ട്. തുലാമഴ ലഭിക്കാതായാതോടെ മിക്ക ഭാഗങ്ങളിലും ഉണക്കു ഭീഷണിയാലാണ്. പണി പൂർത്തിയായാൽ അടുത്തമാസം അവസാനമോ നവംബർ ആദ്യമോ മാത്രമേ പോത്തുണ്ടി വെള്ളം തുറന്നുവിടാൻ കഴിയുകയുള്ളൂ.