നെന്മാറ: പാവപ്പെട്ടവരുടെ ഉൗട്ടിയായ നെല്ലിയാന്പതിയുടെ താഴ് വരയിലെ പോത്തുണ്ടി ഉദ്യാനം പരിമിതികൾക്കിടയിലും അന്‍പതാം പിറന്നാളിനൊരുങ്ങുന്നു. 1958 ൽ കേരള ഗവർണറായിരുന്ന ഡോ. ആർ.രാധാകൃഷ്ണ റാവുവാണ് പോത്തുണ്ടി ഡാമിന്റെ നിർമാണം ആരംഭിച്ചത്. 1966 ലാണ് മണ്ണുകൊണ്ടുണ്ടാക്കിയ 1672 മീറ്റർ നീളമുള്ള അണക്കെട്ടിന്റെ നിർമാണം പൂർത്തിയായത്.
ഇതിനുശേഷമാണ് ജലസംഭരണിക്കു താഴെ ചെറിയ തോതിൽ പൂത്തോട്ടം വച്ചുപിടിപ്പിച്ചത്. ഈ പൂന്തോട്ടമാണ് പിന്നീട് വിവിധഘട്ടങ്ങളിലായി നവീകരിച്ചത്. 2008 ലാണ് അവസാനമായി പൂന്തോട്ടം നവീകരിക്കുകയും കൂടുതൽ പൂച്ചെടികൾ, അലങ്കാര പുഷ്പങ്ങൾ, നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ചു നവീകരിച്ചത്.
ഇതേ തുടർന്ന് ഉദ്യാന സന്ദർശനത്തിന് പ്രവേശന ഫീസ് ഏർപ്പെടുത്തി. വിവിധ ജില്ലകളിൽനിന്ന് നെല്ലിയാന്പതി കാണാനെത്തുന്ന നൂറുക്കണക്കിനാളുകളാണ് ദിനംപ്രതി പോത്തുണ്ടി ഉദ്യാനം സന്ദർശിക്കുന്നത്.ഉദ്യാനത്തിനകത്ത് ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലാത്തതിനാൽ വൈകുന്നേരം ആറുവരെ മാത്രമാണ് പ്രവേശനം.
ഇതുമൂലം നെല്ലിയാന്പതി കണ്ടു മടങ്ങിവരുന്നവർക്ക് പോത്തുണ്ടി ഉദ്യാനത്തിന്റെ കാഴ്ച്ചകൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഉദ്യാനത്തിൽ നിലവിലുള്ള ജലധാരകൾ പ്രവർത്തനക്ഷമമല്ലാത്തതും ഒഴിഞ്ഞ ഭാഗങ്ങൾ കാടുകയറി കിടക്കുന്നതും ഇപ്പോഴും ദുരിതങ്ങളാണ്.
50-ാം പിറാന്നാൾ ആഘോഷത്തിലെത്തിയ പോത്തുണ്ടി ഉദ്യാനത്തിന്റെ നവീകരണത്തിന് കെ.ബാബു എംഎൽഎയുടെ നേതൃത്വത്തിൽ എട്ടുകോടി രൂപയുടെ പദ്ധതി തയാറാക്കി ഭരണാനുമതിക്കായി കാത്തിരിക്കുകയാണ്.
ഉദ്യാനത്തോട് ചേർന്നുള്ള പുതിയ സ്ഥലത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതി. നീന്തൽക്കുളം, നടപ്പാതകൾ, പൂന്തോട്ടം കുട്ടികൾക്കുള്ള കളിയുപകരങ്ങൾ, പുതിയ ജലധാരകൾ തുടങ്ങിയവയും ഡാമിന്റെ മുകൾഭാഗത്തും ഉദ്യാനത്തിലും ദീപാലങ്കാരം എന്നിവയാണ് പുതിയ പദ്ധതിയിലുള്ളത്. ഡാമിലേക്ക് നേരിട്ടു ബസ് യാത്രാസൗകര്യമില്ലാത്തതും സഞ്ചാരികളെ വലയ്ക്കുന്നു. അന്‍പതാം വാർഷികാഘോഷ പരിപാടികൾ ഡിസംബറിൽ നടത്താണ് തീരുമാനം.