കടുത്തുരുത്തി: വാഹനത്തില്‍ കശാപ്പുശാലയിലേക്കു കൊണ്ടുവന്ന പോത്തിനെ റോഡില്‍ ഇറക്കുന്നതിനിടെ പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പടര്‍ത്തി.
നാല് കിലോ മീറ്ററിലേറേ ദൂരത്തില്‍ ഓടിയ പോത്തിനെ മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് പിടികൂടാനായത്. ഇന്നലെ രാവിലെ ഒമ്പതോടെ കോതനല്ലൂര്‍ കുഴിയാഞ്ചാലിലാണ്സംഭവം.
ഇവിടെ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലയിലേക്കാണ് ഇതര സംസ്ഥാനത്ത് നിന്നും വാഹനത്തില്‍ പോത്തുകളെ എത്തിച്ചത്.
വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ വാഹനം നിര്‍ത്തി പോത്തുകളെ ഇറക്കുന്നതിനിടെയാണ് ഇവയിലൊന്ന് കെട്ട് പൊട്ടിച്ചു വിരണ്ടോടിയത്.
റോഡിലൂടെ ഓടിയ പോത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളിലെത്തിയവരും ഓടി മാറൂകയായിരുന്നു. പിന്നീട് കിലോമീറ്ററുകളോളം ദൂരത്തില്‍ ഓടിയ പോത്ത് പാറേല്‍പള്ളിക്കു സമീപം വെള്ളാമറ്റം പാടത്തെ കപ്പതോട്ടത്തിലേക്കു ഓടിക്കയറി.
പിന്നീട് നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും എരുമയെ എത്തിച്ചാണ് പോത്തിനെ മെരുക്കിയത്.