എടക്കര: കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യം ഒരുക്കി പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദീൻ മഹല്ല് കമ്മിറ്റി. പ്രദേശത്ത് ഉരുൾപൊട്ടലിൽ 30 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഈ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ അധികൃതർ പറ്റിയ ഇടം അന്വേഷിക്കുന്നതിനിടയിലാണു മോസ്ക് ഭാരവാഹികളുമായി സംസാരിച്ചത്.
ആവശ്യം കേട്ടയുടനെതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളിയിൽ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. സ്ത്രീകൾ നമസ്കരിക്കാൻ ഉപയോഗിക്കുന്ന ഭാഗവും അതിനോട് ചേർന്ന് അംഗശുദ്ധി വരുത്തുന്ന ഇടവും വിട്ടുനൽകി. മോസ്കിനു കീഴിലെ മദ്രസയിൽനിന്നുള്ള ബെഞ്ചും ഡെസ്കുകളും മൃതദേഹം കഴുകാൻ ഉപയോഗിക്കുന്ന മേശയുമെല്ലാം നൽകി.
അഞ്ച് പോസ്റ്റ്മോർട്ടം മേശകളാണ് മദ്രസയുടെ ഡെസ്കുകൾ ചേർത്തുവച്ച് തയാറാക്കിയിരിക്കുന്നത്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ 23 എണ്ണത്തിന്റെ പോസ്റ്റ്മോർട്ടം ഇവിടെവച്ചാണു നടത്തിയത്. തിരിച്ചറിയാത്ത നാല് മൃതദേഹങ്ങൾ നിലന്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.