എടക്കര: കവളപ്പാറ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനൽകിയ പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിനെ വഖഫ് ബോർഡ് ആദരിച്ചു. പോത്തുകൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്മോർട്ടത്തിന് പള്ളി വിട്ടുനൽകിയ നടപടി ഉദാത്ത മാതൃകയാണെന്നും സന്ദർഭോചിതമായി സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്നും റഷീദലി തങ്ങൾ അഭിപ്രായപ്പെട്ടു. കവളപ്പാറയിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കിലോമീറ്ററുകൾ സഞ്ചരിച്ചു നിലന്പൂരിലെ ജില്ല ആശുപത്രിയിലെത്തിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതൽ എളുപ്പമാകുകയായിരുന്നു.
പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദർഭോചിതമായ ഈ തീരുമാനം ജനങ്ങൾക്കിടയിലും, രാഷ്ട്രീയസാമൂഹിക നേതാക്കൾക്കിടയിലും പ്രത്യേക പ്രശംസക്കിടയാക്കിയിരുന്നു. വഖഫ് ബോർഡിന്റെ പാരിതോഷികമായി ഒരു ലക്ഷം രൂപ റഷീദലി തങ്ങൾ പള്ളി കമ്മിറ്റിക്ക് കൈമാറി.
വഖഫ് ബോർഡംഗം ടി.പി.അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.വി.അബ്ദുൽ വഹാബ് എംപി മുഖ്യാതിഥിയായിരുന്നു. വഖഫ് ബോർഡംഗം കൂടിയായ പി.വി.അൻവർ എംഎൽഎയുടെ ആശംസ ചടങ്ങിൽ വായിച്ചു.
ഡോ.ധർമാനന്ദ സ്വാമി, ഫാ.മാത്യൂസ് വട്ടിയാനിക്കൽ, വഖ്ഫ് ബോർഡ് അഗങ്ങളായ എം.സി.മായിൻ ഹാജി, പി.വി. സൈനുദ്ദീൻ, എം.ഷറഫുദ്ദീൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.എം.ജമാൽ, മുൻ അംഗം ഡോ. ഹുസൈൻ മടവൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, പഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരൻപിള്ള, കെ.എൻ.എം.ജനറൽ സെക്രട്ടറി പി.പി.ഉണ്ണീൻകുട്ടി മൗലവി, ജലീൽ മാമാങ്കര, ടി.പി. അഷ്റഫലി, കെ.ടി.കുഞ്ഞാൻ എന്നിവർ പ്രസംഗിച്ചു.